ഭക്ഷ്യ വിഷബാധ, ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ഡി എം ഒ

0

കല്‍പ്പറ്റ: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശുചിത്വ നിലവാരം ഉറപ്പ് വരുത്തണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് മേധാവി അറിയിച്ചു. പാചക തൊഴിലാളികള്‍, ഭക്ഷണം കൈകാര്യം ചെയ്യുന്ന മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. അടുക്കള, സ്റ്റോര്‍ റൂം, മറ്റ് ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവിടങ്ങളില്‍ വേണ്ടത്ര ശുചിത്വം  പാലിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്നതും പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നതും നിയമ വിരുദ്ധമാണ്.

അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോ. ആര്‍. രേണുക അറിയിച്ചു. പൊതുജനങ്ങള്‍ വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കെതിരെ  ജാഗ്രത പാലിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും  പ്രധാനമാണ്.  ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.   ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. വേനല്‍ക്കാലത്തും തുടര്‍ന്ന് വരുന്ന മഴക്കാലത്തുമാണ് വയറിളക്ക രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. കോവിഡ് കാലത്ത് ജലജന്യ രോഗങ്ങള്‍ പടരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പ്രധാനമായ ഫലപ്രദമായ കൈകഴുകല്‍ ജലജന്യ രോഗങ്ങളേയും പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും ഡി.എം.ഒ വ്യക്തമാക്കി.

വയറിളക്ക രോഗങ്ങള്‍  അപകടകരം…

വയറിളക്ക രോഗങ്ങള്‍ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിര്‍ജലീകരണം ഒരു കാരണവശാലും സംഭവിക്കരുത്. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാല്‍ രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും. കുട്ടികളെ പ്രത്യേകിച്ച് ശ്രദ്ധിക്കണം. ശരീരത്തിലെ ജലാംശവും പോഷകഘടകങ്ങളും ധാതുലവണങ്ങളും അടങ്ങിയ മലം ദ്രവരൂപത്തില്‍ അനിയന്ത്രിതമായി അയഞ്ഞുപോകുന്നതാണ് വയറിളക്കം. മലം അയഞ്ഞു പോകുന്നത്തിനോടൊപ്പം രക്തവും കാണുന്നതാണ് വയറുകടി. തുടര്‍ച്ചയായി മലം കഞ്ഞിവെള്ളം പോലെ പോകുന്ന അവസ്ഥയാണ് കോളറ. ഛര്‍ദ്ദിയും കാണപ്പെടും. ഈ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

പാനീയ ചികിത്സ ഏറെ ഫലപ്രദം…

90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടില്‍ നല്‍കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങള്‍ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്. ഛര്‍ദിച്ചോ, വയറിളകിയോ പോയാലും വീണ്ടും പാനീയം നല്‍കേണ്ടതാണ്. പാനീയചികിത്സ കൊണ്ട് നിര്‍ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കും.

മറക്കരുത് ഒആര്‍എസ് ലായനി…

ജലാംശ ലവണാംശ നഷ്ടം പരിഹരിക്കാന്‍ ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒആര്‍എസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒആര്‍എസ് ലായനി നല്‍കണം. അതോടൊപ്പം എളുപ്പം ദഹിക്കുന്ന ആഹാരങ്ങളായ കഞ്ഞി, പുഴുങ്ങിയ ഏത്തപ്പഴം എന്നിവയും നല്‍കേണ്ടതാണ്. ഒആര്‍എസ് പായ്ക്കറ്റുകള്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലും ഉപകേന്ദ്രത്തിലും അങ്കണവാടികളിലും സൗജന്യമായി ലഭിക്കും. പാനീയ ചികിത്സ നടത്തിയിട്ടും രോഗലക്ഷണങ്ങള്‍ക്ക് മാറ്റമില്ലെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ രോഗിയെ ഉടനെ എത്തിക്കണം.

ടൈഫോയ്ഡ്….

ജലം, ഭക്ഷണം എന്നിവയിലൂടെ പകരുന്ന മറ്റൊരു രോഗമാണ് ടൈഫോയിഡ്. കഠിനമായ പനി, തലവേദന, നടുവേദന, മൂക്കില്‍നിന്നും കണ്ണില്‍നിന്നും വെള്ളം വരിക, ശരീരത്തിന് തളര്‍ച്ച, മലബന്ധം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍

മഞ്ഞപ്പിത്തം

വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. പനി, വിശപ്പില്ലായ്മ , ഓക്കാനം , ഛര്‍ദി , കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.

പ്രതിരോധ മാര്‍ഗങ്ങള്‍

തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക.

കൈകള്‍ ആഹാരത്തിനു മുമ്പും ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക.
കുടിവെള്ള സ്രോതസുകള്‍

കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.

വൃക്തി ശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക.

പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

തണുത്തതും പഴകിയതുമായതും തുറന്നുവച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

നിര്‍ദ്ദേശങ്ങളും ജാഗ്രതയും കൃത്യമായി പാലിക്കണമെന്ന്  ജില്ലാ ആരോഗ്യ വകുപ്പ് മേധാവി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!