പ്ലസ് വണ്‍ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള അപേക്ഷ നാളെ സമര്‍പ്പിക്കാം. രാവിലെ 10 മണി മുതലാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം. ഒന്‍പത് മണി മുതല്‍ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാകും. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കോ, അലോട്ട്‌മെന്റ് ലഭിച്ചിട്ട് ഹാജരാകാത്തവര്‍ക്കോ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടത് മൂലം പ്രവേശനം നേടാനാകാതെ പോയവര്‍ക്ക്, വേണ്ട തിരുത്തലുകള്‍ വരുത്തി അപേക്ഷ നല്‍കാം.
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ അഞ്ചിന് തുടങ്ങി. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 22,145 പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്ററി അലോട്ട്‌മെന്റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതല്‍ 12 വരെയാണ്. അതേസമയം, പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങിയിട്ടും മലപ്പുറത്ത് പ്രതിസന്ധി തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ പണം കൊടുത്ത് പഠിക്കേണ്ട അണ്‍ എയ്ഡഡ് മേഖലയും, വിഎച്ച്എസ്ഇ പോലുള്ള മറ്റ് കോഴ്സുകളിലെ സീറ്റുകളും പരിഗണിച്ചാല്‍ പോലും പതിനയ്യായിരത്തോളം പേര്‍ പുറത്താണ്. മലപ്പുറത്ത് പ്ലസ് വണ്ണിനായി അപേക്ഷിച്ചവര്‍ 81022 പേരാണ്. 47424 പേര്‍ക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്. 33598 പേര്‍ സീറ്റ് കിട്ടാതെ പുറത്താണ്. എയ്ഡഡ് സ്‌കൂളിലെ കമ്മ്യൂണിറ്റി മാനേജ്‌മെന്റ് ക്വോട്ട, സാമ്പത്തിക ഭാരത്തോടെ പഠിക്കേണ്ട അണ്‍ എയ്ഡഡ് മേഖല, ഐടിഐ, പോളി ടെക്‌നിക്, വിഎച്ച്എസ്ഇ തുടങ്ങിയ മറ്റു കോഴ്സുകളുടെയും സീറ്റുകള്‍ പരിഗണിച്ചാല്‍ പോലും 15000 പേര്‍ പുറത്താകും. സാമ്പത്തിക ബാധ്യത കാരണം പല കുട്ടികളും അണ് എയ്ഡഡ് സീറ്റുകള്‍ തെരെഞ്ഞെടുക്കാറില്ല.