സ്‌കൂള്‍ തുറക്കല്‍: നടപടികള്‍ പൂര്‍ത്തീകരിക്കണം, നവംബര്‍ 1ന് പ്രവേശനോത്സവം- വിദ്യാഭ്യാസ മന്ത്രി

0

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 27ന് മാര്‍ഗരേഖ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം ഉറപ്പുവരുത്തി എ.ഇ.ഒ, ഡി.ഇ.ഒ വഴി റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ പൂര്‍ണ്ണമായി ശുചീകരിച്ചുവെന്നും ഇഴ ജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്നും ഉറപ്പു വരുത്തണം. സ്‌കൂളുകളില്‍ സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍, ഓക്‌സിമീറ്റര്‍ എന്നിവ ഉണ്ടായിരിക്കണം. അധ്യാപകര്‍ക്ക് ഓരോ ക്ലാസിന്റെയും ചുമതല നല്‍കണം.

27ന് പി.ടി.എ യോഗം ചേര്‍ന്ന് ക്രമീകരണം വിലയിരുത്തണം. ഉച്ച ഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്ചയിക്കണം. കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ഒരു സ്‌കൂളില്‍ ഒരു ഡോക്ടറുടെ സേവനം എങ്കിലും ഉറപ്പുവരുത്തണം.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ ഓരോ സ്‌കൂളിലും സംവിധാനമുണ്ടാകണം. സ്‌കൂളിന്റെ പ്രധാന കവാടത്തില്‍ നിന്ന് അധ്യാപകരും തദ്ദേശസ്ഥാപന പ്രതിനിധികളും കുട്ടികളെ വരവേല്‍ക്കണം. 27ന് പി.ടി.എയുടെ നേതൃത്വത്തില്‍ രക്ഷകര്‍ത്താക്കളുടെ ചെറിയ യോഗങ്ങള്‍ ചേരണം. 27ന് തന്നെ സ്‌കൂളില്‍ ഹെല്‍പ്പ് ലൈന്‍ സജ്ജമാക്കുകയും ഇതിന്റെ മേല്‍നോട്ടത്തിന് ഉത്തരവാദിത്തപ്പെട്ട വ്യക്തികളെ ചുമതലപ്പെടുത്തുകയും വേണം. സ്‌കൂള്‍ നില്‍ക്കുന്ന പരിധിയില്‍പ്പെട്ട പൊലീസ് സ്റ്റേഷനുമായി ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ആശയവിനിമയം നടത്തണം.

സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഫിറ്റ്‌നസ് ലഭിക്കാത്ത സ്‌കൂളുകളിലെ കുട്ടികളെ തൊട്ടടുത്ത സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആകുമോ എന്ന് പരിശോധിക്കണം. അതേസമയം അക്കാദമിക മാര്‍ഗരേഖ രണ്ടുദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖയാകുമിത്.

 

Leave A Reply

Your email address will not be published.

error: Content is protected !!