മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണത്തിലായിട്ടും കേരളത്തില്‍ കാര്യമായ കുറവുണ്ടാകാത്തതിനെക്കുറിച്ചു പഠനം വേണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചു. വ്യാഴാഴ്ച രാജ്യത്തു കോവിഡ് സ്ഥിരീകരിച്ച 15,786 പേരില്‍ 8733 പേരും കേരളത്തിലായിരുന്നു. രാജ്യത്തെ പ്രതിദിന കോവിഡ് മരണത്തില്‍ 40 % കേരളത്തിലാണ്. കോവിഡ് ബാധിച്ചാലും നില വഷളാകാത്തതും മരണനിരക്ക് അല്‍പം കുറയുന്നതും മാത്രമാണ് ആശ്വാസം. പോസിറ്റീവായവരില്‍ 9.9% പേരെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്. അതിനാല്‍ ഭീതിജനകമായ സാഹചര്യമില്ല.ഐസിഎംആര്‍ സിറോ സര്‍വേ പ്രകാരം ഇവിടെ 44% പേരില്‍ മാത്രമേ ആന്റിബോഡിയായിട്ടുള്ളൂവെന്നും അതിനാലാണു കേസുകള്‍ വര്‍ധിക്കുന്നതെന്നും ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വ്യാപനത്തിനു കാരണമായി മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളം സ്വന്തം നിലയ്ക്കു നടത്തിയ സര്‍വേയില്‍ 82 % പേരില്‍ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. വാക്‌സീന്‍ സ്വീകരിക്കാത്തവരില്‍ 70 % പേരിലും ആന്റിബോഡിയുണ്ടെന്നും വ്യക്തമായി.
വാക്സീന്‍ ആദ്യ ഡോസ് 94.17 % പേര്‍ക്കും രണ്ടാം ഡോസ് 47.03 % പേര്‍ക്കും നല്‍കി. എന്നിട്ടും കേസുകള്‍ വര്‍ധിക്കുന്നതിലാണ് ആശങ്ക. വൈറസുകള്‍ക്കു രൂപാന്തരം സംഭവിച്ചോയെന്നു പരിശോധിക്കണമെന്നും കാരണം കണ്ടെത്തി പ്രതിരോധതന്ത്രം മാറ്റിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.കോവിഡ് വന്നവര്‍ക്കും വാക്‌സീന്‍ എടുത്തവര്‍ക്കും വീണ്ടും വൈറസ് ബാധ ഉണ്ടാകുന്നതു സംബന്ധിച്ചു ജനിതക പഠനം നടത്തണമെന്ന് ഓഗസ്റ്റ് 21നു കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരം കേസുകളും കേരളത്തില്‍ കൂടുതലാണ്. എന്നാല്‍ പഠനം നടത്തിയിട്ടുണ്ടോ, അതിന്റെ ഫലം എന്താണ് എന്നീ വിവരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.
പരിഹാരമെന്ത്?
82% പേരിലും കോവിഡ് ആന്റിബോഡിയുണ്ടെന്ന സിറോ സര്‍വേ ഫലം ഗൗരവമായി എടുക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആന്റിബോഡിയുണ്ടെങ്കിലും അതിനു വൈറസിനെ പ്രതിരോധിക്കാന്‍ കരുത്തുണ്ടാകണമെന്നില്ല. സമ്പൂര്‍ണ വാക്‌സിനേഷന്‍ മാത്രമാണു പരിഹാരം.പരമാവധി പേര്‍ക്ക് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യഡോസ് സ്വീകരിച്ച് ഒരു മാസം കഴിഞ്ഞേ പ്രതിരോധശേഷിയാകൂ. മാത്രമല്ല, മുടങ്ങാതെ രണ്ടാം ഡോസ് എടുക്കുകയും വേണം. ആദ്യ ഡോസ് ലഭിച്ചവരില്‍ പകുതി പേര്‍ക്കാണ് ഇതുവരെ രണ്ടാം ഡോസ് നല്‍കിയത്.കേന്ദ്ര തീരുമാനം അനുസരിച്ച് 75% പേര്‍ക്കു മാത്രമേ സൗജന്യ വാക്‌സീന്‍ നല്‍കൂ. ഭേദപ്പെട്ട ജീവിതപശ്ചാത്തലമുള്ളവര്‍ വേഗം വാക്‌സീനെടുക്കും. സാധാരണക്കാര്‍ വില കൊടുത്തു വാക്‌സീന്‍ വാങ്ങേണ്ട സാഹചര്യമുണ്ടാകാന്‍ സാധ്യതയുണ്ട്. അതനുസരിച്ചുള്ള സമീപനവും വേണമെന്നാണു വിദഗ്ധരുടെ നിര്‍ദേശം.