ആഫ്രിക്കന്‍ പന്നിപ്പനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണ മെന്ന് ജില്ലാ ആസൂത്രണ സമിതി നിര്‍ദ്ദേശം നല്‍കി.മാനന്തവാടി നഗരസഭയിലും തവിഞ്ഞാലിലും പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ മറ്റ് ഗ്രാമ പഞ്ചായത്തുകളും ജാഗ്രത പാലിക്കണം.തദ്ദേശ സ്ഥാപന പരിധിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ അധികൃതരെ യഥാസമയം വിവരം അറിയിക്കണം.രോഗ വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ സഹകരണം ഉറപ്പാക്കണം.
മീനങ്ങാടി, വെങ്ങപ്പള്ളി, പൂതാടി, നെന്‍മേനി ഗ്രാമപഞ്ചായത്തുകളുടെയും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെയും നഗരസഭയുടെയും വാര്‍ഷിക പദ്ധതിക്കും മാനന്തവാടി നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി 2022-23 വാര്‍ഷിക ആക്ഷന്‍ പ്ലാനിനും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ നല്ലനിലയില്‍ ക്യാമ്പുകള്‍ ഒരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ യോഗം അഭിനന്ദിച്ചു. തിരുനെല്ലി, പൊന്‍കുഴി എന്നിവടങ്ങളില്‍ കര്‍ക്കിടകവാവ് ബലിയിടുന്നതിനുള്ള മുന്നൊരുക്കവും യോഗം വിലയിരുത്തി.കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി ചെയര്‍ പേഴ്സണുമായ സംഷാദ് മരക്കാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ.എന്‍. പ്രഭാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.