ആറു മാസത്തോളമായി റേഷനോ സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റോ വാങ്ങാതിരുന്ന നാലായിരത്തില്‍പരം റേഷന്‍ കാര്‍ഡ് ഉടമകളുടെ മുന്‍ഗണന പദവി സര്‍ക്കാര്‍ റദ്ദാക്കി. അന്ത്യയോജന അന്നയോജന (എഎവൈ) എന്ന മുന്‍ഗണനാ വിഭാഗം കാര്‍ഡ് ഉടമകളായ ഇവരെ മുന്‍ഗണന ഇതര വിഭാഗത്തിലേക്കു (വെള്ള കാര്‍ഡ്) ഭക്ഷ്യ പൊതുവിതരണ വകുപ്പ് മാറ്റി. ഏറ്റവും ദരിദ്രവിഭാഗങ്ങള്‍ക്കു നല്‍കുന്നതാണ് മഞ്ഞ നിറത്തിലുള്ള എഎവൈ കാര്‍ഡ്. കേന്ദ്രത്തില്‍ നിന്നു സംസ്ഥാനത്തിനുള്ള റേഷന്‍ വിഹിതം കൂടാത്തതിനു പ്രധാന കാരണം മുന്‍ഗണന വിഭാഗത്തിലെ കാര്‍ഡ് ഉടമകളില്‍ ചിലരെങ്കിലും റേഷന്‍ വാങ്ങാത്തതാണെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് വിലയിരുത്തിയിരുന്നു.
എഎവൈ കാര്‍ഡിന് ഒരു മാസത്തെ സാധാരണ റേഷന്‍ വിഹിതമായി 30 കിലോ അരിയും നാലു കിലോ ഗോതമ്പും ലഭിക്കും. പുറമേ ഒരു പായ്ക്കറ്റ് ആട്ട 6 രൂപയ്ക്കും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും നല്‍കും. കൂടാതെ, കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പിഎംജികെഎവൈ) പദ്ധതി പ്രകാരം കോവിഡ് കാലം കണക്കിലെടുത്തുള്ള സൗജന്യ റേഷനുമുണ്ട്.
കാര്‍ഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഇങ്ങനെ സൗജന്യം. ഒക്ടോബര്‍ മാസവും മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്ക് പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള സൗജന്യ റേഷന്‍ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് കാലത്ത് അതിജീവന സഹായമെന്ന നിലയില്‍ നല്‍കിയ കിറ്റ് വിതരണം അവസാനിപ്പിച്ചതിനു പിന്നാലെ റേഷന്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്. സെപ്റ്റംബര്‍ മാസം 20.84 ലക്ഷം കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങിയില്ലെന്നാണു ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്ക്. റേഷന്‍ കട പ്രവര്‍ത്തിച്ച ദിവസങ്ങള്‍ കുറവായതിനാലാണു വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞതെന്നു ഒരു വിഭാഗം കട ഉടമകള്‍ അഭിപ്രായപ്പെടുന്നു.