കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ഇതുവരെ ഒമൈക്രോണ്‍ ബാധിച്ചവരുടെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. ഇതുവരെ ആരും തന്നെ ഗുരുതര രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു.
ഇന്ത്യയില്‍ രണ്ടുപേരിലാണ് ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരില്‍ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ സാഹചര്യത്തില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം വരുത്തരുതെന്ന് വിദഗ്ധസമിതി അംഗം വി കെ പോള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 66 ഉം 46 ഉം വയസ്സുള്ള രണ്ടുപുരുഷന്മാര്‍ക്കാണ് രോഗം ബാധിച്ചത്. ജനിതക ശ്രേണീകരണ പരിശോധനയിലൂടെയാണ് ഇവരെ ബാധിച്ചത് ഒമൈക്രോണ്‍ ആണ് എന്ന് സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. പത്തുപേരുടെ കൂടി പരിശോധനാഫലം വരാനുണ്ട്.