മോട്ടര്‍ വാഹന വകുപ്പില്‍ 8 സേവനങ്ങള്‍ കൂടി പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കി. ആര്‍സി ബുക്കിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്റെ എന്‍ഒസി നല്‍കല്‍, ഡ്യൂപ്ലിക്കറ്റ് ആര്‍സി ബുക്ക് നല്‍കല്‍, ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കല്‍, ഹൈപ്പോത്തിക്കേഷന്‍ അംഗീകരിക്കല്‍, പെര്‍മിറ്റ് പുതുക്കല്‍ (സ്റ്റേജ് കാര്യേജ് ഒഴികെ), സ്റ്റേജ് കാര്യേജ് ഒഴികെയുള്ള വാഹനങ്ങളുടെ പെര്‍മിറ്റിന്റെ വ്യതിയാനം (വേരിയേഷന്‍ ഓഫ് പെര്‍മിറ്റ്) എന്നീ
സേവനങ്ങളാണ് ഓണ്‍ലൈനാക്കിയത്.
ഈ സേവനങ്ങള്‍ ഇപ്പോഴും ഓണ്‍ലൈനാണെങ്കിലും ഓണ്‍ലൈനില്‍ അപേക്ഷിച്ച ശേഷം പഴയ ആര്‍സി ബുക്കും മറ്റു രേഖകളും ഓഫിസുകളില്‍ എത്തിക്കണം. അപേക്ഷകര്‍ ഓഫിസില്‍ പോകുന്ന ഈ സാഹചര്യം കാരണം ഏജന്റുമാരുടെ ഇടപെടീലും ഉദ്യോഗസ്ഥ അഴിമതിയും നടക്കുന്നുവെന്നും പരാതി ഉയര്‍ന്നു. പുതിയ ആര്‍സി ബുക്ക് ലഭിക്കുമ്പോള്‍, പഴയ ആര്‍സി ബുക്ക് തിരികെ ഓഫിസില്‍ ഏല്‍പിച്ചില്ലെങ്കില്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നായിരുന്നു മോട്ടര്‍ വാഹനവകുപ്പിന്റെ ആശങ്ക. എന്നാല്‍ എല്ലാം ഡിജിറ്റലായി മാറിയ സ്ഥിതിക്ക് ആശങ്ക വേണ്ടെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകര്‍ ഓഫിസില്‍ പോകാതെയുള്ള ഫെയ്‌സ്ലെസ് സര്‍വീസിലേക്ക് ഈ സേവനങ്ങളും മാറ്റുന്നതിനു തീരുമാനിച്ചത്.
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹന്‍ വെബ്സൈറ്റ് പ്രകാരം അപേക്ഷകര്‍ ഓഫിസില്‍ പോകാതെ പൂര്‍ണമായും ഫെയ്‌സ്ലെസ് സര്‍വീസാണുള്ളത്. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാല്‍ ഒരു ഉദ്യോഗസ്ഥന്‍ പരിശോധിക്കുകയും അടുത്ത ഉദ്യോഗസ്ഥന്‍ അംഗീകരിക്കുകയും ചെയ്യുന്ന സംവിധാനമാണ്. എന്നാല്‍ കേരളത്തില്‍ ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന തര്‍ക്കമുയര്‍ന്നതോടെ ഓണ്‍ലൈനില്‍ വരുന്ന അപേക്ഷ പരിശോധനയ്ക്ക് ഒരു ഉദ്യോഗസ്ഥന്റെ അടുക്കല്‍ കൂടി ചെല്ലുന്ന ത്രിതല സംവിധാനത്തിലേക്കു മാറ്റി. കേന്ദ്രം ഇതിനെ എതിര്‍ക്കുകയും ഇത് അഴിമതിക്കു വഴിയൊരുക്കുമെന്ന് അറിയിക്കുകയും ചെയ്‌തെങ്കിലും സംസ്ഥാനത്ത് തുടരുകയാണ്.