ഡെങ്കി 2 പുതിയ വകഭേദം അല്ല; വ്യാജ പ്രചാരണം തള്ളി ആരോഗ്യ മന്ത്രി അറിയാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍

0

ഡെങ്കി 2 പുതിയ വകഭേദമല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഡെങ്കി 2 പുതിയ വകഭേദമാണെന്ന തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ, കേരളത്തിലടക്കം ഡെങ്കിയുടെ നാല് വക ഭേദവും റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

എന്താണ് ഡെങ്കിപ്പനി ?

ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന രോഗമാണ് ഡെങ്കിപ്പനി. ആര്‍ബോവൈറസ് വിഭാഗത്തില്‍പ്പെടുന്ന ഫ്‌ളാവിവൈറസുകളാണ് രോഗത്തിന് കാരണമാവുന്നത്. 8-12 ദിവസം വരെയാണ് എക്‌സ്ട്രിന്‍സിക് ഇന്‍ക്യുബേഷന്‍ പിരീഡ്.

ലക്ഷണങ്ങള്‍

കടുത്ത പനിയാണ് ഡെങ്കിയുടെ ലക്ഷണം. ഇതിനൊപ്പം കടുത്ത തലവേദന, കണ്ണിന് പിന്നിലായി വേദന, പേശി, സന്ധി എന്നിവിടങ്ങളിലെ വേദന, ഛര്‍ദി എന്നിവയും ഉണ്ടാകാം.

കടുത്ത വയറുവേദന, നിലയ്ക്കാത്ത ഛര്‍ദി, ക്ഷീണം, ബോധക്ഷയം എന്നീ ലക്ഷണങ്ങള്‍ തീവ്രത കൂടിയ ?ഡെങ്കിയുടെ ലക്ഷണങ്ങളാണ്.

പ്രതിരോധം

കൊതുക് നിയന്ത്രണമാണ് രോഗപ്പകര്‍ച്ച തടയുന്നതിന് സ്വീകരിക്കേണ്ട പ്രധാന മാര്‍ഗം. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡീസ് കൊതുകുകകളാണ് രോഗത്തിന് കാരണം. വെളുത്ത പുളളികളോടുകൂടിയ ഇത്തരം കൊതുകുകള്‍ പകല്‍നേരങ്ങളിലാണ് മനുഷ്യനെ കടിക്കുന്നത്. ഇവയുടെ മുട്ടകള്‍ നനവുള്ള പ്രതലങ്ങളില്‍ മാസങ്ങളോളം കേടുകൂടാതിരിക്കും. അനുകൂലസാഹചര്യത്തില്‍ വിരിഞ്ഞ് കൊതുകുകളായി മാറുകയും ചെയ്യും. ഈഡീസ് കൊതുകുകള്‍ കുറേ വിഭാഗങ്ങളുണ്ട്. ഇവയില്‍ ഈഡീസ് ആല്‍ബോപിക്ടസ്, ഈഡിസ് ഈജിപ്തി എന്നിവയാണ് മുഖ്യമായും രോഗം പരത്തുന്നത്.

വീടിനു ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍. റബ്ബര്‍, കവുങ്ങ് തോട്ടങ്ങളില്‍ ഇത്തരം കൊതുകുകളുടെ പ്രജനനം വ്യാപകമായി നടക്കുന്നു. ഒന്നില്‍ കൂടുതല്‍ ആളുകളെ കടിക്കുന്ന രീതി സാധാരണയായി ഈഡീസ് കൊതുകുകളുടെ പ്രത്യേകതയാണ്. രോഗപ്പകര്‍ച്ച കൂടുതല്‍ ആളുകള്‍ക്ക് ഉണ്ടാവുന്നതിന് ഇത് ഒരു പ്രധാന കാരണമാണ്.

ഉറവിടനശീകരണത്തിലൂടെ കൊതുകുകളുടെ പ്രജനനം തടയാം. ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം. വീടിനു ചുറ്റും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക. തോട്ടങ്ങളിലുംമറ്റും കൃത്യമായ പരിശോധന നടത്തി കൊതുകു വളരാനുള്ള സാഹചര്യങ്ങളില്ലെന്ന് ഉറപ്പുവരുത്തുക.

Leave A Reply

Your email address will not be published.

error: Content is protected !!