ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ വിനോദസഞ്ചാരികളില്‍ നിന്നും പണം തട്ടിയതായി പരാതി. കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ മറവിലാണ് വിനോദയാത്രക്കിടെ പണം തട്ടിപ്പ് നടത്തിയതെന്ന് തട്ടിപ്പിനിരയായ വയനാട് സ്വദേശികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഒക്ടോബര്‍ 9ന് മറ്റൊരു യാത്ര ഇതേ റൂട്ടില്‍ സംഘടിപ്പിച്ച് പണം സമാഹരിക്കാനുള്ള പദ്ധതിയുമായി ഇയാള്‍ മുന്നോട്ട് പോകുകയാണെന്നും ഇയാള്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്‍പ്പെടെ 60 പേരടങ്ങുന്ന യാത്രയാണ് ട്രാവല്‍ ഏജന്‍സി സംഘടിപ്പിച്ചത്.
കാശ്മീര്‍, ലഡാക്ക്, കാര്‍ഗില്‍, ലേ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിനോദസഞ്ചാരത്തിനിടയില്‍ ഹോട്ടല്‍ ബില്‍ ഇയാള്‍ സെറ്റില്‍ ചെയ്യാത്തതിനെ തുടര്‍ന്ന് 27 പേര്‍ ചേര്‍ന്ന് ഒരാള്‍ 14550 രൂപ വീതം എടുത്ത് 392850 രൂപ പ്രേംദാസ് മുഖാന്തിരം ഹോട്ടല്‍ അക്കൗണ്ടില്‍ അടച്ച് സെറ്റില്‍ ചെയ്തു. കടമായി നല്‍കിയ ഈ തുകക്ക് ഈടായി താമരശ്ശേരി ഫെഡറല്‍ ബേങ്ക് ശാഖയിലെ ചെക്ക് ലീഫുകള്‍ ആണ് നല്‍കിയത്. ഈ മാസം അഞ്ചാം തീയതിക്കകം എല്ലാവരുടെയും പണം നല്‍കുമെന്ന് പറഞ്ഞ് ഇയാള്‍ കബളിപ്പിക്കുകയായിരുന്നെന്ന് ജോസ് എം കുര്യന്‍, കെ എസ് ജെയിംസ്, കെ വി കേളു, സെബാസ്റ്റിയന്‍ പി ജെ എന്നിവര്‍ പറഞ്ഞു. പല ഒഴിവുകള്‍ പറഞ്ഞ് മുങ്ങുന്ന ഇയാള്‍ വര്‍ഷങ്ങളായി ഇത്തരത്തില്‍ പലരേയും കബളിപ്പിച്ച്് തട്ടിപ്പ് നടത്തുകയാണെന്നും ഇവര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.