ആലോചനായോഗം ചേര്‍ന്നു

0

 

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിക്കുന്ന പി.ഡബ്ല്യൂ.ഡി റോഡുകളുടെ പ്രവര്‍ത്തികളെക്കുറിച്ച് ആലോചനായോഗം ചേര്‍ന്നു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ എം എല്‍ എ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികള്‍, വിവിധ വകുപ്പ തല ഉദ്യോഗസ്ഥരും പങ്കെടുത്തു. മണ്ഡലത്തിലെ അഞ്ച് റോഡുകളാണ് കിഫ്ബി ഫണ്ട് വകയിരുത്തി നവീകരിക്കുന്നത്. റോഡുകളുടെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനം.

കിഫ്ബി ഫണ്ട് വകയിരുത്തി പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തുന്ന ബീനാച്ചി-പനമരം റോഡ്, സുല്‍ത്താന്‍ ബത്തേരി-ചേരമ്പാടി റോഡ്, കാപ്പിസെറ്റ്-പയ്യമ്പളളി റോഡ്, കാക്കവയല്‍-കൊളവയല്‍-കാര്യമ്പാടി-കേണിച്ചിറ റോഡ് എന്നിവയുടെ പ്രവൃത്തികള്‍ പരിശോധിക്കുകയും, പോരായ്മകള്‍ കണ്ടെത്തി അടിയന്തിരമായി പരിഹരിക്കാനും യോഗത്തില്‍ എം എല്‍ എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡുമായി ബന്ധപ്പെട്ട് കരാറില്‍ ഏര്‍പ്പെടുമ്പോള്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന കോണ്‍ട്രാക്ടറുടെ കാര്യക്ഷമതയും, മുന്‍കാല പ്രവര്‍ത്തനവും പരിശോധിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി-ചേരമ്പാടി റോഡ് സര്‍വ്വേയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിന് നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ യോഗത്തില്‍ ചുമതലപ്പെടുത്തി. മുളളന്‍കൊല്ലി-പുല്‍പ്പളളി പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന റോഡിന്റെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശം നല്‍കി. കാക്കവയല്‍-കൊളവയല്‍-കാര്യമ്പാടി-കേണിച്ചിറ റോഡുമായി ബന്ധപ്പെട്ട് ഒഴിവാക്കിയ ഭാഗം ഉള്‍പ്പെടുത്തിയുള്ള ഡി.പി.ആര്‍ കിഫ്ബിക്ക് സമര്‍പ്പിക്കും. ബീനാച്ചി-പനമരം റോഡുമായി ബന്ധപ്പെട്ട് തുടര്‍ പ്രവൃത്തി സര്‍ക്കാര്‍ തീരുമാനപ്രകാരം കെ ആര്‍ എഫ് ബിക്ക് സെപ്റ്റംബര്‍ 16ന് മുമ്പായി കൈമാറുന്നതിന് തീരുമാനിക്കുകയും സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് കെ ആര്‍ എഫ് ബി എക്‌സിക്യുട്ടീവ് എഞ്ചീനിയറെ ചുമതലപ്പെടുത്തുകയും ചെയ്തു.യോഗത്തില്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ്, മേഴ്‌സി സാബു, ബേബി വര്‍ഗ്ഗീസ്,എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എസ് ആര്‍ അനിതകുമാരി, തഹസില്‍ദാര്‍
പി എം കുര്യന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ വി പി സാബു, എം മനോജ്കെ കെ ഷിനു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!