പട്ടയമേള ദിനം, 13,534 കുടുംബങ്ങള്‍ക്ക് ആശ്വാസമാകും, 14 ജില്ലാകേന്ദ്രങ്ങളും 77 താലൂക്ക് കേന്ദ്രങ്ങളും സജ്ജം

0

കേരളത്തിലെ 13534 കുടുംബങ്ങള്‍ക്ക് ഇന്ന് പട്ടയം വിതരണം ചെയ്യും. പതിനാല് ജില്ലാകേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലുമായാണ് പട്ടയമേള നടക്കുക. കേരളാ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് പട്ടയമേള സംഘടിപ്പിക്കുന്നത്. സംസ്ഥാന, ജില്ല, താലൂക്കുതല പട്ടയമേളകള്‍ പകല്‍ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

1.75 ലക്ഷത്തോളം പട്ടയങ്ങളാണ് 2016 നും 2021 നുമിടയില്‍ വിതരണം ചെയ്തത്. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമിയും വീടും ഉറപ്പുവരുത്തും. മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടം നല്‍കും ലക്ഷ്യമിട്ടിരിക്കുന്നത്. ഭൂരഹിതര്‍ക്ക് വീടിനും ഭൂമിക്കും വേണ്ടി 10 ലക്ഷം രൂപ നല്‍കുന്ന പദ്ധതി വിപുലീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ കൃഷിഭൂമി വീതം ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ നടത്തും. ആദിവാസികളുടെ ഭൂപ്രശ്‌ന പരിഹാരത്തിന് തരിശുഭൂമി, മിച്ച ഭൂമി, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തും. യുണീക്ക് തണ്ടപ്പേര് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ അധിക ഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക് നല്‍കാനും ക്ഷേമപദ്ധതികളിലെ അനര്‍ഹരെ കണ്ടെത്താനും സഹായകരമാകും.

മിച്ചഭൂമിയും അനധികൃതമായി കൈവശം വെച്ചിട്ടുള്ള ഭൂമിയും കണ്ടെത്തുന്നതിനുവേണ്ട നടപടിയെടുക്കും. നിസ്വരും ഭൂരഹിതരുമായവര്‍ക്ക് ഭൂമി കൈമാറുന്നതിനായി പ്രത്യേക ലാന്‍ഡ് ബാങ്ക് രൂപീകരിക്കും. ഇതിനായി ഡിജിറ്റല്‍ സര്‍വ്വേ നടത്തും. കേരളത്തിലെ ഭൂമിയാകെ ഡിജിറ്റലായി അളന്നു തിട്ടപ്പെടുത്തുന്നതിന് ഒന്നാം ഗഡുവായി 339 കോടി രൂപ റീബില്‍ഡ് കേരളക്ക് നല്‍കിക്കഴിഞ്ഞു. നാല് വര്‍ഷം കൊണ്ട് സര്‍വ്വേ പൂര്‍ത്തീകരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!