സംസ്ഥാനത്ത് SSLC, പ്ലസ് ടു പരീക്ഷകൾ മാറ്റി

0

സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക് മാറ്റി. ഏപ്രിൽ 8 മുതൽ 30 വരെയായിരിക്കും പരീക്ഷ നടക്കുക. എസ്എസ്എൽസി, പ്ലസ്ടു  പരീക്ഷകൾ മാറ്റിവെക്കണമെന്ന് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കമ്മീഷൻ അനുമതി നൽകിയതോടെയാണ് തീരുമാനം.  ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷയാണ് തെരഞ്ഞെടുപ്പ് ജോലികൾ കണക്കിലെടുത്ത് മാറ്റിയത്. ഏപ്രിൽ 6ന് പോളിങ് അവസാനിച്ച ശേഷം പരീക്ഷ എട്ടിന് ആരംഭിക്കും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഇത് സംബന്ധിച്ച നിർദേശം ലഭിച്ചു. ഇത് സർക്കാരിനെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്. 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റിവെക്കണമെന്ന സംസ്ഥാനസർക്കാരിന്റെ ആവശ്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുത്തത്. കഴിഞ്ഞദിവസം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കുനൽകിയ അപേക്ഷയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയത്.

അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും അനുബന്ധ പരിശീലനവുമുള്ളതിനാൽ പരീക്ഷ മാറ്റിവെക്കണ മെന്നായിരുന്നു ആവശ്യം. ഹാൾടിക്കറ്റ് വിതരണം ഈയാഴ്ച തുടങ്ങുമെന്നുമാണ് അറിയിച്ചിരുന്നത്. അധ്യാപകരുടെ പരീക്ഷാ ഡ്യൂട്ടിയും വോട്ടെണ്ണൽ കേന്ദ്രങ്ങളായ സ്കൂളുകൾ നേരത്തെത്തന്നെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപേക്ഷ നൽകിയത്. പരീക്ഷ മാറ്റണമെന്ന് ഇടത് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടപ്പോൾ വേണ്ടെന്നാണ് പ്രതിപക്ഷ സംഘടനകൾ നിലപാടെടുത്തത്. പരീക്ഷ ആരംഭിക്കാൻ 6 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് തീരുമാനം വന്നിരിക്കുന്നത്.

 

പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള അധ്യാപക സംഘടനകളുടെ നിവേദനം വിദ്യാഭ്യാസ വകുപ്പിന് മാർച്ച് ഒന്നിനാണ് ലഭിച്ചത്. അഞ്ചിന് നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വോണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതിനെത്തുടർന്ന് മാർച്ച് 6ന് അപേക്ഷ നൽകി. കഴിഞ്ഞ ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം പരിശോധിച്ചു തുടങ്ങി. ഇന്ന് തീരുമാനവും വന്നു.

ഇതിനിടെ, ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പരീക്ഷ നീട്ടിവെക്കുന്നത് വിദ്യാർഥികളുടെ മാനസിക സമ്മർദം വർധിപ്പിക്കുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ ആരോപിക്കുന്നു. ഏപ്രിൽ 6ന് തെരഞ്ഞെടുപ്പ് നടക്കുമെന്നിരിക്കെ മാർച്ച് 31ന് പരീക്ഷ തീരുന്നത് ഒരുതരത്തിലും തെരഞ്ഞെടുപ്പിനെയോ പരീക്ഷയെയോ ബാധിക്കില്ലെന്നാണ് പ്രതിപക്ഷ സംഘടനകൾ വാദിച്ചത്. മാർച്ചിൽ തന്നെ പരീക്ഷ നടക്കുമെന്ന രീതിയിൽ ക്ലാസുകളും റിവിഷനുകളും സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നു. കൂടാതെ മോഡൽ പരീക്ഷകളും നടത്തി. രാവിലെയും ഉച്ചയ്ക്കുമായാണ് മോഡൽ പരീക്ഷ നടത്തിയത്. മോഡൽ പരീക്ഷ നടന്നു കഴിഞ്ഞ സാഹചര്യത്തിൽ ഇനിയും പരീക്ഷ നീട്ടിവെച്ചാൽ അത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു ഇവരുടെ വാദം.

Leave A Reply

Your email address will not be published.

error: Content is protected !!