കല്‍പ്പറ്റ അഡ്ലൈഡിലെ കുന്നിന്‍ചെരുവിലാണ് കരിങ്കല്‍ കെട്ടുകെട്ടി മണ്ണ് നിരപ്പാക്കി ടര്‍ഫ് പണിതിട്ടുള്ളത്.കുന്നിന്‍മുകളില്‍ അശാസ്ത്രീയമായി പണിത ടര്‍ഫ് ഇടിഞ്ഞു തുടങ്ങിയതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്.നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്താന്‍ യാതൊരു കാരണവശാലും അനുവാദമില്ലാത്ത ഭൂമിയിലാണ് ടര്‍ഫ് പ്രവര്‍ത്തിച്ചിരുന്നത്. അനുമതി ഇല്ലാതെയാണ് ടര്‍ഫ് പണിതിരിക്കുന്നതെന്നാണ് നഗരസഭയുടെ പ്രതികരണം.
കല്‍പ്പറ്റ അഡ്ലൈഡിലെ കുന്നിന്‍ചെരുവിലാണ് കരിങ്കല്‍ കെട്ടുകെട്ടി മണ്ണ് നിരപ്പാക്കി ടര്‍ഫ് പണിതിട്ടുള്ളത്.മഴ തുടങ്ങിയതോടെ ടര്‍ഫിന്റെ ഒരു ഭാഗം ഒന്നാകെ അടര്‍ന്നു തുടങ്ങിയിട്ടുണ്ട്.മണ്ണ് പൂര്‍ണമായും ഇടിഞ്ഞാല്‍ മഴക്കാലത്ത് വെള്ളം കയറുന്ന ഓണിവയല്‍ പ്രദേശത്തേക്കായിരിക്കും മണ്ണെത്തുന്നത്. വയലും കുളവും വീടുകളും കിണറുമെല്ലാം ഉള്‍പ്പെടുന്ന ഈ ഭാഗത്തേക്ക് മണ്ണ് ഇടിഞ്ഞു വീഴാന്‍ സാധ്യതയുണ്ട്. മുന്‍വര്‍ഷം സമീപപ്രദേശത്തെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.തോട്ടഭൂമിയായ ഇവിടെ യാതൊരു കാരണവശാലും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്താന്‍ കഴിയാത്ത പ്രദേശമാണ്. എന്നാല്‍ ടര്‍ഫിനോട് ചേര്‍ന്നു രണ്ട് വീടുകളും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. ഇത്തരം നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചതെങ്ങനെയെന്ന് വ്യക്തമാക്കണമെന്നും, അപകടത്തിന് ഇടയാകാതെ ഉടനടി നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
എന്നാല്‍ അനുമതി ഇല്ലാതെയാണ് ടര്‍ഫ് പണിതിരിക്കുന്നതെന്നാണ് നഗരസഭയുടെ പ്രതികരണം. ടര്‍ഫ് പണിയാന്‍ മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കല്‍പ്പറ്റ നഗരത്തിന് അടുത്തുകിടക്കുന്ന ഈ പ്രദേശത്ത് ഇത്തരം വലിയ നിര്‍മാണ പ്രവര്‍ത്തനം നടക്കുമ്പോള്‍ നഗരസഭാ അധികൃതര്‍ പോലും അറിഞ്ഞിട്ടില്ലെന്ന വാദവും പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.സ്ഥലം പരിശോധിച്ച് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും, ഉടനടി നടപടിയെടുക്കുമെന്നുമാണ് നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞത്.