ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന; എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കും; മുഖ്യമന്ത്രി

0

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നല്‍കി എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസി വിഭാഗത്തില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കും. ആവശ്യമായ ഊരുകളില്‍ പഠന മുറികള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണം വേണമെന്നാണ് സര്‍ക്കാര്‍ കാണുന്നത്. ചെറിയ പിന്തുണ നല്‍കിയാല്‍ ഉപകരണം വാങ്ങാന്‍ ശേഷിയുള്ളവര്‍ സഹകരണബാങ്കുകള്‍ ഇതിനകം പ്രഖ്യാപിച്ച പലിശരഹിത വായ്പ പദ്ധതി പ്രയോജനപ്പെടുത്തണം.

സ്‌കൂള്‍ അധ്യാപക- രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് കൃത്യമായ കണക്ക് എടുക്കണം. ജൂണ്‍ 15 നകം ഇത് പൂര്‍ത്തിയാക്കണം. ഇതിനായി ഗ്രാമപഞ്ചായത്ത് /വാര്‍ഡ് കൗണ്‍സിലര്‍ അധ്യക്ഷനായ സമിതി സ്‌കൂളില്‍ രൂപീകരിക്കും.

സ്‌കൂള്‍ എടുത്ത കണക്ക് 19 നകം തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്രോഡീകരിക്കും. ഇതിന് നേതൃത്വം നല്‍കാന്‍ തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ അടങ്ങിയ സമിതി ഉണ്ടാകും. ജൂലൈ 21 നകം ജില്ലാതലത്തില്‍ ഇവ ക്രോഡീകരിക്കുകയും പിന്നീട് സംസ്ഥാനതല സംവിധാനത്തിന് കൈമാറുകയും ചെയ്യും.

ജില്ലാതലത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ അധ്യക്ഷനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായി സമിതി നിലവില്‍ വരും. സ്വന്തം കുട്ടിക്ക് ഉപകരണങ്ങള്‍ വാങ്ങിച്ചു നല്‍കുമ്പോള്‍ മറ്റൊരു കുട്ടിക്ക് കൂടി വാങ്ങി കൊടുക്കാന്‍ പറ്റുന്നവരെ അതിന് പ്രേരിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!