ഓണാവധി ദിനങ്ങളില്‍ തിരിച്ചടിയേറ്റ് സംസ്ഥാനത്തെ കൊവിഡ് പരിശോധനയും വാക്‌സിനേഷനും. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആര്‍ കുതിച്ചുയര്‍ന്നു. 30,000ല്‍ താഴെ പേര്‍ക്ക് മാത്രമാണ് ഇന്നലെ വാക്‌സിന്‍ നല്‍കാനായത്. കൊവിഡ് ലക്ഷണമുള്ളവര്‍ സ്വയം നിയന്ത്രണം പാലിച്ചും, പരിശോധനകള്‍ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദഗ്ധ നിര്‍ദേശം.
ഈ മാസം മൂന്നിന് സംസ്ഥാനത്ത് നടത്തിയത് 1,99,500 പരിശോധനകളാണ്. ടിപിആര്‍ 11.87 ശതമാനം. പിന്നീട് ഓരോദിവസവും കുറഞ്ഞ് ഇന്നലെ നടന്നത് വെറും 96,481 പരിശോധനകള്‍ മാത്രം. ടിപിആര്‍ 17.73 ആയി ഉയര്‍ന്നു. ഓണത്തിനുണ്ടായ തിരക്കും ഇതിലൂടെയുള്ള വ്യാപനവും കാരണം ഈ മാസം അവസാനം ഇനിയും ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനാല്‍ പരിശോധനകള്‍ കൂട്ടി വ്യാപനചിത്രം കൃത്യമായി മനസ്സിലാക്കണമെന്നാണ് പ്രധാന നിര്‍ദേശം. സ്വയം നിയന്ത്രണം പാലിക്കാനും നിര്‍ദേശം.
വാക്‌സിനേഷന്‍ സംസ്ഥാനത്ത് തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഈ മാസം 13ന് അഞ്ചരലക്ഷത്തിന് മീതെ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ ഇടത്ത് പിന്നീടൊരിക്കലും ആ നിലയിലേക്ക് വാക്‌സിനേഷന്‍ ഉയര്‍ത്താനായില്ല. പുതുതായി വാക്‌സിനെടുക്കേണ്ട ഒന്നാം ഡോസുകാരുടെ വാക്‌സിനേഷനിലാണ് കുത്തനെ ഇടിവുണ്ടായത്. 30,000ല്‍ താഴെ മാത്രമാണ് ഇന്നലെ നല്‍കാനായ വാക്‌സിന്‍.