വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ ഐഎന്‍ടിയുസി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച സമരം ജില്ലയില്‍ നടത്തി.കല്‍പ്പറ്റ ജില്ലാ ചുമട്ടുതൊഴിലാളി ഓഫീസിനുമുന്നില്‍ നടത്തിയ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എം
എല്‍ എ ടി സിദ്ദിഖ് നിര്‍വ്വഹിച്ചു.
കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന രാജ്യത്ത് മുന്നണി പോരാട്ട പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാകുന്ന തൊഴിലാളികളാണ് ചുമട്ടുതൊഴിലാളികളെന്നും നിരന്തരമുള്ള ലോക്ഡൗണ്‍ കാരണം ചുമട്ടുതൊഴിലാളികള്‍ വലിയ ജീവിത പ്രയാസത്തിലാണെന്നും അവരെ സംരക്ഷിക്കാവുള്ള പദ്ധതികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ക്ഷേമത്തിന് ആവശ്യമായ പദ്ധതികള്‍ രൂപീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേമനിധി ബോര്‍ഡംഗങ്ങളായ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം അനുവദിക്കുക, ക്ഷേമനിധി ബോര്‍ഡംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള ഉപകരണങ്ങള്‍ അനുവദിക്കുക, ഒരു തവണ അംശാദായമടയ്ക്കുന്ന സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കാന്‍ നടപടി കൈക്കൊള്ളുക, കോവിഡ് ബാധിച്ചു മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായംഅനുവദിക്കുക, ചുമട്ടുതൊഴിലാളികളെ ഇ.എസ്.ഐ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി സമരത്തില്‍ അധ്യക്ഷനായി. കെ കെ രാജേന്ദ്രന്‍, കെ മഹേഷ്, നാസര്‍ പി, അഷറഫ് കെ, വാസു കെ, എന്നിവര്‍ സംസാരിച്ചു