അനര്‍ഹര്‍ക്ക് നാളെ അവസാന ദിനം

0

അനര്‍ഹമായി റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്ക് സ്വയം പിന്മാറാനുള്ള അവസരം നാളെ അവസാനിക്കും.ഇത്തരം കാര്‍ഡ് കൈവശമുള്ളവര്‍ താലൂക്ക് / സിറ്റി റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ക്ക് സത്യവാങ്മൂലവും അപേക്ഷയും സമര്‍പ്പിച്ച് മുന്‍ഗണനേതര വിഭാഗത്തിലേക്ക് സ്വയം മാറണം. ജൂണ്‍ 30ന് ശേഷം പട്ടികയില്‍ തുടരുന്ന അനര്‍ഹര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്.

മുന്‍ഗണന പട്ടികയിലെ അനര്‍ഹര്‍

സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അദ്ധ്യാപകര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ എന്നിവര്‍ റേഷന്‍ ഐ.എ.വൈ/ പി.എച്ച്.എച്ച് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ല.ആദായനികുതി അടയ്ക്കുന്നവര്‍, പ്രതിമാസം 25000 രൂപയ്ക്ക് മുകളില്‍ വരുമാനം ഉള്ളവര്‍, സ്വന്തമായി ഒരേക്കറിന് മുകളില്‍ ഭൂമിയുള്ളവര്‍, സ്വന്തമായി 1000 ചതുരശ്ര അടിക്കുമുകളില്‍ വിസ്തീര്‍ണമുള്ള വീട്/ ഫ്‌ലാറ്റ് ഉള്ളവര്‍, നാലുചക്രവാഹനം സ്വന്തമായി ഉള്ളവര്‍, വിദേശജോലിയില്‍ നിന്നൊ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിയില്‍ നിന്നൊ 25000 രൂപയിലധികം പ്രതിമാസവരുമാനമുള്ളവര്‍ ഉള്ള കുടുംബം എന്നിവരാണ് മുന്‍ഗണനയ്ക്ക് അര്‍ഹതയില്ലാത്തവരായി സര്‍ക്കാര്‍ കണക്കാക്കുന്നത്.

ഇളവ് ലഭിക്കുന്നവര്‍

നിലവില്‍ മുന്‍ഗണന പട്ടികയില്‍ കടന്നുകൂടിയിട്ടുള്ളവരിലെ പാര്‍ട്ട് ടൈം ജീവനക്കാര്‍, താത്കാലിക ജീവനക്കാര്‍, ക്ലാസ് ഫോര്‍ തസ്തികയില്‍ പെന്‍ഷന്‍ ആയവര്‍, 5000 രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്നവര്‍, 10000 രൂപവരെ സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങുന്നവര്‍, ഒരേക്കറിലധികം ഭൂമിയുള്ള പട്ടികവര്‍ഗക്കാര്‍, ഉപജീവനമാര്‍ഗമായി നാലുചക്ര ടാക്‌സി വാഹനം ഉള്ളവര്‍ക്ക് ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതാണ്.

5.92 ലക്ഷം അനര്‍ഹര്‍

സംസ്ഥാനത്ത് ഏതാണ്ട് 6 ലക്ഷത്തോളം അനര്‍ഹര്‍ മുന്‍ഗണനാപട്ടികയില്‍ കടന്നുകൂടിയിട്ടുള്ളതായാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അര്‍ഹരായ നിരവധി ആളുകള്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്‌ബോഴാണ് ഇത്രയുംപേര്‍ അനര്‍ഹമായി ആനൂകൂല്യം പറ്റുന്നത്. അതുകൊണ്ട് അനര്‍ഹരെ എത്രയും പെട്ടന്ന് ഒഴിവാക്കി അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

എങ്ങനെ തിരുത്താം

നിയമനടപടികള്‍ക്ക് വിധേയരാകുന്നതിന് മുമ്ബ് സ്വയം തിരുത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് താലൂക്ക്/ സിറ്റി റേഷനിംഗ് ഓഫീസില്‍ നേരിട്ടൊ, ഇ- മെയില്‍ മുഖേനയൊ, ഫോണ്‍ മുഖേനയൊ അപേക്ഷ നല്‍കി തെറ്റ് തിരുത്താം.

അസല്‍ റേഷന്‍കാര്‍ഡ്, സത്യവാങ് മൂലം, തിരുത്തല്‍ വരുത്തുന്നതിനുള്ള കാരണം രേഖപ്പെടുത്തിയ അപേക്ഷഫോറം എന്നിവയാണ് ഹാജരാക്കേണ്ട രേഖകള്‍. ഇ-മെയിലിലും ഫോണ്‍ മുഖേനയും അപേക്ഷിക്കുന്നവര്‍ സ്വന്തം ഫോണ്‍ നമ്ബരും നല്‍കണം.

ഭിന്നശേഷിക്കാരെ നിലനിര്‍ത്തണം

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുമ്‌ബോള്‍ വീല്‍ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍. ഇതു സംബന്ധിച്ച് മുഖ്യ മന്ത്രിക്ക് കത്ത് നല്‍കിയതായി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു. കിടപ്പ് രോഗികള്‍ക്ക് മുന്‍ഗണനാ ആനുകൂല്യം ഒഴിവായാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ കിട്ടാതെ വരും. കിടപ്പുരോഗികള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ എപ്പോഴും പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കാനാകില്ല എന്നതിനാലാണ് പലരുടെയും സഹായത്താല്‍ കാറു വാങ്ങിയിരിക്കുന്നത്. അതിനാല്‍ മുന്‍ഗണന മാനദണ്ഡത്തില്‍ നിന്ന് വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാരെ ഒഴിവാക്കണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!