സംസ്ഥാനത്ത് മെയ് എട്ട് മുതലാരംഭിച്ച ലോക്ഡൗണ്‍ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും.പൊതുഗതാഗതം ഭാഗികമായി അനുവദിക്കും.ആരാധനാലയങ്ങള്‍ തുറക്കില്ല. ടിപിആര്‍ 20 ശതമാനത്തില്‍ താഴെയുളള മേഖലകളില്‍ മദ്യശാലകള്‍ക്കും ബാറുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും.
40 ദിവസം നീണ്ട് നിന്ന അടച്ചിടലിന് ശേഷമാണ് സംസ്ഥാനം ഘട്ടം ഘട്ടമായി തുറക്കുന്നത്. ഇളവുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പൊതുപരീക്ഷകള്‍ അനുവദിക്കും. പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും. കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തുക ആവശ്യം കണക്കാക്കി മാത്രമായിരിക്കും. തീവ്ര, അതിതീവ്ര സോണുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ സ്റ്റോപ്പുണ്ടാവില്ല.വ്യാവസായികകാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തുമുണ്ടാകും.ബാങ്കുകള്‍ തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വിവാഹംമരണാനന്തര ചടങ്ങുകളില്‍ ഇരുപത് പേര്‍ക്ക് മാത്രമാണ് അനുമതി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ 4 ക്യാറ്റഗറികളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍. ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും.നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടെങ്കിലുംഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനാകില്ല.വിനോദസഞ്ചാരം, വിനോദപരിപാടി, ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. മാളുകളും പ്രവര്‍ത്തിക്കില്ല. സര്‍ക്കാര്‍ പ്രിന്റിങ്ങ് പ്രസ് പ്രവര്‍ത്തനം അനുവദിക്കും. രജിസ്ട്രേഷന്‍, ആധാരമെഴുത്ത് ഓഫീസുകളുടെ പ്രവര്‍ത്തനം ഭാഗികമായി അനുവദിക്കും. ലോട്ടറി വില്‍പന അനുവദിച്ചിട്ടില്ലെങ്കിലും പരിഗണിക്കും.