പരിസ്ഥിതി ദിനത്തില്‍ പുതിയ തുടക്കമിട്ട് ആയുഷ് വകുപ്പ്

0

ലോക പരിസ്ഥിതി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ട് സംസ്ഥാന ആയുഷ് വകുപ്പ്. ഔഷധ സസ്യങ്ങളുടെ പ്രചരണത്തിനാണ് ആയുഷ് വകുപ്പ് ഈ പരിസ്ഥിതി ദിനം പ്രാധാന്യം നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.രണ്ട് പദ്ധതികളാണ് ഇത്തവണ ആയുഷ് വകുപ്പ് നടപ്പിലാക്കുന്നത്. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളില്‍ ഔഷധോദ്യാനം ഒരുക്കുന്ന ‘ആരാമം ആരോഗ്യം’പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രണ്ട് ലക്ഷത്തില്‍പരം ഔഷധ സസ്യങ്ങളുടെ വിതരണവും ഇന്ന് നടക്കും.

പൊതുജനങ്ങളില്‍ ഔഷധ സസ്യങ്ങളെ സംബന്ധിച്ച അവബോധം വര്‍ദ്ധിപ്പിക്കുകയും അവ സ്വന്തം വീടുകളില്‍ നട്ടുവളര്‍ത്തി രോഗാവസ്ഥകളിലും ആരോഗ്യ സംരക്ഷണത്തിനും ഉപയോഗിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ‘ആരാമം ആരോഗ്യം’ പദ്ധതിയുടെ ലക്ഷ്യമെന്ന് വീണാ ജോര്‍ജ് പറഞ്ഞു.അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ആയുഷ് വകുപ്പിന് കീഴിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.കുട്ടനെല്ലൂരിലും പരിയാരത്തും ഉളള ഔഷധിയുടെ നഴ്‌സറികളിലാണ് ഔഷധി ഔഷധസസ്യ തൈകള്‍ സജ്ജമാക്കിയിരിക്കുന്നത്. ചന്ദനം, ദന്തപാല, കൂവളം, പലകപ്പയ്യാനി, അശോകം തുടങ്ങിയ നൂറില്‍പരം ഇനത്തില്‍പ്പെട്ട ഔഷധസസ്യങ്ങളുടെ ശേഖമാണ് ഔഷധി സജ്ജമാക്കിയത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും സൗജന്യ നിരക്കില്‍ ഇത് വിതരണം ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!