കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മെഷീന്‍ തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസ് മുടങ്ങിയ സംഭവത്തില്‍ അടിയന്തരമായി ഇടപെട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തകരാറിലായ ആര്‍.ഒ. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ലെന്ന് പ്രിന്‍സിപ്പാളും അറിയിച്ചതായി മന്ത്രി പറഞ്ഞു.
ഫില്‍ട്ടര്‍ മെമ്പ്രൈന്‍ തകരാറിലായതാണ് നിലവിലെ പ്രശ്‌നം. സാങ്കേതിക വിദഗ്ധര്‍ എറണാകുളത്തു നിന്നുമാണ് എത്തേണ്ടത്. വൈകുന്നേരത്തോടെ തകരാര്‍ പരിഹരിക്കും. അതേസമയം തന്നെ ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് ചികിത്സ മുടങ്ങാതെ നടന്നുവരുന്നുണ്ടെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.
സ്വതന്ത്രമായ ചെറിയ ആര്‍.ഒ. പ്ലാന്റ് സഹായത്തോടെയാണ് ഇത് തുടര്‍ന്നു വരുന്നത്. അത്യാവശ്യമുള്ള മറ്റ് ഡയാലിസ് രോഗികളെ സി.എച്ച്. സെന്ററിലേക്കും, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്ക് ആശുപത്രികളിലേക്കും അയച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്ളവേഴ്സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.