സംസ്ഥാനത്തെ കോളജുകള്‍ ജൂണ്‍ ഒന്നുമുതല്‍ ദിവസവും ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്ന് നിര്‍ദേശം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ ആയിട്ടാണ് ക്ലാസുകള്‍. ലോക്ഡൗണ്‍ അവസാനിക്കുന്ന ജൂണ് ഒന്നിന് ടെക്നിക്കല്‍ വിഭാഗം ഉള്‍പ്പെടെ എല്ലാ അധ്യാപകരും കോളജുകളില്‍ ഹാജരാകണം. ദിവസവും രാവിലെ എട്ടരക്കും വൈകീട്ട് മൂന്നരക്കുമിടയിലായിരിക്കണം ക്ലാസുകളെന്നും മന്ത്രി പറഞ്ഞു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ യാത്രാപ്രശ്നം നേരിടുന്നവര്‍ വിവരം പ്രിന്‍സിപ്പലിനെ അറിയിക്കണം. ക്ലാസുകള്‍ സംബന്ധിച്ച് ആഴ്ചയില്‍ ഒരിക്കല്‍ വകുപ്പ് മേധാവി പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് നല്‍കണം. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാങ്കേതിക സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയും സൗകര്യമൊരുക്കുകയും ചെയ്യണമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞു.