സുല്‍ത്താന്‍ബത്തേരി ടൗണിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷം.പ്രദേശവാസികള്‍ ഭീഷണിയില്‍. ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോ പരിസരങ്ങളിലാണ് കഴിഞ്ഞ മൂന്നു ദിവസമായി കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നത്. ഇതിനു പുറമെ മനുഷ്യ ജീവനും ഭീഷണിയായ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
സുല്‍ത്താന്‍ബത്തേരി ടൗണിനോട് തൊട്ട് ചേര്‍ന്ന് കിടക്കുന്ന കെഎസ്ആര്‍ടിസി പരിസരങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്ന കാട്ടാനകള്‍ തെങ്ങ്, വാഴ തുടങ്ങിയ നിരവധി കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. സന്ധ്യമയങ്ങുന്നതോടെ
ജനവാസകേന്ദ്രത്തില്‍ ഇറങ്ങുന്ന കാട്ടാന നേരം പുലരുവോളം കൃഷിയിടങ്ങളില്‍ തങ്ങുകയാണ്. കൂടാതെ പുല്‍പ്പള്ളി ബത്തേരി റോഡിലൂടെയാണ് ഇവ വനത്തില്‍ നിന്നും ജനവാസകേന്ദ്രത്തിലേക്ക് എത്തുന്നത്. ജനസഞ്ചാരമുള്ള സമയങ്ങളില്‍ കാട്ടാന റോഡുകളില്‍ തങ്ങുന്നത് കൃഷിനാശത്തിന് പുറമേ മനുഷ്യജീവനും ഭീഷണിയാവുന്നുണ്ട്. വനാതിര്‍ത്തിയിലെ ആന പ്രതിരോധ ട്രഞ്ച് , കല്‍മതില്‍ എന്നിവ തകര്‍ത്താണ് കാട്ടാനകള്‍ കൂട്ടമായി ജനവാസകേന്ദ്രത്തില്‍ എത്തുന്നത് . ഈ സാഹചര്യത്തില്‍ വനാതിര്‍ത്തിയില്‍ റെയില്‍ഫെന്‍സിംഗ് സ്ഥാപിച്ച് കാട്ടാനശല്യത്തിന്ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.