വ്യാപാരികളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്

0

ലോക്ഡൗണില്‍ പ്രതിസന്ധിയിലായ വ്യാപാരി സമൂഹത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 10ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ചയ്‌ക്കെത്താന്‍ അറിയിപ്പു ലഭിച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞു. ചര്‍ച്ചയ്ക്കു മുന്നോടിയായി 9 ന് വ്യാപാര ഭവനില്‍ ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും.

എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക, നിലവിലെ സമയക്രമീകരണം ദീര്‍ഘിപ്പിക്കുക, ഹോട്ടലുകളില്‍ അകലം പാലിച്ച് ഇരുന്നു കഴിക്കാന്‍ അനുവദിക്കുക, ഓഡിറ്റോറിയങ്ങള്‍ തുറക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ഇതേസമയം, തങ്ങളെ ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടില്ലെന്ന് ഇടത് അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയുടെ ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.

തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി

കൊച്ചി ന്മ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. തുണിക്കടകളും ജ്വല്ലറികളും എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ടെക്സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. കൃഷ്ണന്‍, നവാബ് ജാന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ പരാമര്‍ശം.

സര്‍ക്കാരിനു കടകള്‍ തുറക്കാന്‍ അനുവദിക്കാം. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് ടി.ആര്‍. രവി നിര്‍ദേശിച്ചു. ആള്‍ക്കൂട്ടം കുറയ്ക്കുക എന്നത് എവിടെയും നടക്കുന്നില്ലെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കുന്ന രീതിയിലും ചില സംശയങ്ങളുണ്ടെന്നു കോടതി പറഞ്ഞു. നിര്‍ബന്ധപൂര്‍വം ടെസ്റ്റ് നടത്തുന്നുണ്ടോയെന്നും ആരാഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ പ്രകാരമാണ് നടപടിയെടുക്കുന്നതെന്നു സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജി 22ന് പരിഗണിക്കാന്‍ മാറ്റി.

അടച്ചിട്ട സ്ഥാപനങ്ങള്‍ക്ക് വസ്തു നികുതിയിളവ് നല്‍കാം

തിരുവനന്തപുരം ന്മ ലോക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങള്‍ക്ക് വസ്തുനികുതിയിളവു നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്നു മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു. കേരള പഞ്ചായത്ത് രാജ് ആക്ടിലും മുനിസിപ്പല്‍ ആക്ടിലുമുള്ള വ്യവസ്ഥ പ്രകാരം, അടഞ്ഞുകിടന്ന കാലത്തെ നികുതി ഒഴിവാക്കാനുള്ള തീരുമാനം അതതു തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൈക്കൊള്ളാം. ടൂറിസം അടക്കമുള്ള മേഖലകളില്‍ ഈ വ്യവസ്ഥ പ്രകാരം തീരുമാനമെടുത്തു സംരംഭകരെ സഹായിക്കണം. ഇതിനു സര്‍ക്കാരില്‍ നിന്നോ ഏതെങ്കിലും വകുപ്പില്‍ നിന്നോ പ്രത്യേക നിര്‍ദേശം ആവശ്യമില്ല. അധികാരം തദ്ദേശസ്ഥാപനങ്ങള്‍ പ്രയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!