പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും: വിദ്യാഭ്യാസ മന്ത്രി

0

 

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.എന്‍ ശിവന്‍കുട്ടി. രണ്ട് ദിവസത്തിനുള്ളില്‍ ടൈംടേബിള്‍ പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ക്കുള്ള ഇടവേള വര്‍ധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതല്‍ സമയം ലഭിക്കുന്ന തരത്തിലായിരിക്കും പരീക്ഷ ടൈംടേബിള്‍ ക്രമീകരിക്കുക. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ഉച്ചയോടെ ഏകദേശ ധാരണയാകുമെന്നാണ് മന്ത്രി അറിയിച്ചത്.

പ്ലസ് വണ്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. സുപ്രിംകോടതിയിലാണ് കേരളം ഇത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചത്. എഴുത്തു പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.

പരീക്ഷയ്ക്കായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഏപ്രിലില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വിജയകരമായി നടത്തിയിരുന്നു. എഞ്ചിനീയറിങ് പരീക്ഷകളും വിജയകരമായി നടത്തി. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ല. മൊബൈല്‍ ഫോണ്‍ പോലും ലഭ്യമാകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുണ്ടെന്നും ഓണ്‍ലൈന്‍ പരീക്ഷ തീരുമാനിച്ചാല്‍ അവര്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. പ്ലസ് വണ്‍ പരീക്ഷ നടത്തിയാല്‍ മാത്രമേ പ്ലസ് ടു കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുകയുള്ളു. അതിനാല്‍ എഴുത്തു പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ പൊതുതാല്‍പര്യഹര്‍ജികള്‍ തള്ളണമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കൊവിഡ് ബാധിതരായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഉറപ്പ് നല്‍കി. ഒരു വിദ്യാര്‍ത്ഥിക്ക് പോലും രോഗബാധയുണ്ടാകാന്‍ കഴിയാത്ത രീതിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!