സത്യപ്രതിജ്ഞക്കായി ഒരുക്കിയ പന്തല്‍ പൊളിക്കില്ല; സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തല്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രമായി ഉപയോഗിക്കും

0

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായി ഒരുക്കിയ പന്തല്‍ പൊളിക്കില്ല. പകരം അത് വാക്‌സിനേഷന്‍ കേന്ദ്രമായി ഉപയോഗിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നിറങ്ങും. സത്യപ്രതിജ്ഞയ്ക്കായി 80, 000 ചതുരശ്രയടി വിസ്താരമുള്ള കൂറ്റന്‍ പന്തല്‍ ആയിരുന്നു നിര്‍മിച്ചത്. ഇതില്‍ 5000 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് പറയുന്നത്. നല്ല വായുസഞ്ചാരവും ഇവിടെ ലഭിക്കും.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കെട്ടിയ പന്തല്‍ വാക്‌സിനേഷന്‍ സെന്ററായി ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ച പൊതുജനാരോഗ്യ വിദഗ്ദ്ധന്‍ ഡോ. എസ്എസ് ലാല്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു എസ് എസ് ലാല്‍.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാന്‍ പോകുകയാണെന്നും ഇനി പരിഭവിച്ചിട്ട് കാര്യമില്ല. ജനങ്ങള്‍ക്ക് കിട്ടാനുള്ള സന്ദേശം കിട്ടിക്കഴിഞ്ഞുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എണ്‍പതിനായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള കൂറ്റന്‍ പന്തലിന് അയ്യായിരം പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് അറിയുന്നത്. സ്റ്റേഡിയത്തില്‍ തല്‍ക്കാലം കായിക പരിപാടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഈ പന്തല്‍ തല്‍ക്കാലം പൊളിച്ചു കളയരുത്. ഈ പന്തല്‍ കൊവിഡ് വാക്‌സിനേഷനായി ഉപയോഗിക്കണം. നടപ്പാക്കിയാല്‍ ജനങ്ങള്‍ക്ക് ഉപയോഗപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൃദ്ധരുള്‍പ്പെടെ തിക്കിത്തിരക്കിയാണ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ എത്തിയത്. ആ തിരക്ക് തന്നെ പലര്‍ക്കും രോഗം കിട്ടാന്‍ കാരണമായിക്കാണും. പന്തല്‍ വാക്‌സിനേഷന് നല്‍കിയാല്‍ വാക്‌സിന്‍ ചലഞ്ചിനായി സര്‍ക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാമെന്നും എസ് എസ് ലാല്‍ കുറിച്ചിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് ആയിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍, ഹൈക്കോടതിയുടെ നിര്‍ദേശം പാലിച്ച് പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരുന്നു സത്യപ്രതിജ്ഞ.

Leave A Reply

Your email address will not be published.

error: Content is protected !!