ഉച്ചയ്ക്ക് ശേഷം കര്‍ഷകരില്‍ നിന്നും സൊസൈറ്റികള്‍ പാല്‍ ശേഖരിക്കുന്നത് നിര്‍ത്തിയതോടെ ക്ഷീര കര്‍ഷകരില്‍ നിന്നും പാല്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കി ഡിവൈഎഫ് ഐ കൃഷ്ണഗിരി മേഖല കമ്മറ്റി.പാല്‍ വിറ്റ് കിട്ടുന്ന തുകയും കര്‍ഷകരെ ഏല്‍പ്പിച്ചാണ് ഡിവൈഎഫ്‌ഐ ക്ഷീരകര്‍ഷകര്‍ക്ക് താങ്ങാവുന്നത്.
ലോക്ക് ഡൗണ്‍പ്രതിസന്ധി വന്നതോടെയാണ് ഉച്ചയ്ക്ക് ശേഷം ക്ഷീരകര്‍ഷകരില്‍ നിന്നും സൊസൈറ്റികള്‍ പാല്‍ ശേഖരിക്കുന്നത് നിര്‍ത്തിയത്.ഇത് ക്ഷീരമേഖലയെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഈ സാഹചര്യത്തിലാണ് ക്ഷീര കര്‍ഷകര്‍ക്ക് പൊരുതുന്ന യുവതയുടെ കൈത്താങ്ങ് എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ കൃഷ്ണഗിരി മേഖല കമ്മറ്റി രംഗത്തെത്തിയത്. ക്ഷീര കര്‍ഷകരില്‍ നിന്നും പാല്‍ സംഭരിച്ച് ആവശ്യക്കാരുടെ ലിസ്റ്റ് എടുത്ത് വാഹനങ്ങളില്‍ എത്തിച്ച് നല്‍കുകയാണ് ചെയ്യുന്നത്. ഒപ്പം പാല്‍ വിറ്റ് കിട്ടുന്ന തുക പൂര്‍ണ്ണമായും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയുമാണ് ഡിവൈഎഫ്‌ഐയുടെ മാതൃക പ്രവര്‍ത്തനം. ഇത്തരത്തില്‍ മേഖല കമ്മറ്റിക്കു കീഴില്‍ വരുന്ന ആവയല്‍, കൊളഗപ്പാറ, റാട്ടക്കുണ്ട്, കൃഷ്ണഗിരി, ഒന്നാംമൈല്‍, മൈലംബാടി, അത്തിനിലം, നെല്ലിച്ചുവട് തുടങ്ങിയ പ്രദേശങ്ങളില്‍ അതത് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് പാല്‍ സംഭരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി സി റാഷിദ്, എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ട് ടി പി ഋതുശോഭ്, ദിപിന്‍, വിഷ്ണു എന്നിവരാണ് നേതൃത്വം നല്‍കുന്നത്.