വിറപ്പിച്ച് കൊല്‍ക്കത്ത; പതറാതെ ചെന്നൈ: തുടര്‍ച്ചയായ മൂന്നാം ജയം

0

വിറപ്പിച്ച് കൊല്‍ക്കത്ത; പതറാതെ ചെന്നൈ: തുടര്‍ച്ചയായ മൂന്നാം ജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം. 18 റണ്‍സിനാണ് ചെന്നൈ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്. ചെന്നൈ ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 19.1 ഓവറില്‍ 202 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 66 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍. ആന്ദ്രേ റസല്‍ (54), ദിനേശ് കാര്‍ത്തിക് (40) എന്നിവരും കൊല്‍ക്കത്തക്കായി തിളങ്ങി. 4 വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാര്‍ ആണ് കൊല്‍ക്കത്തയെ തകര്‍ത്തത്. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയില്‍ കൂറ്റന്‍ പരാജയം മുന്നില്‍ കണ്ട കൊല്‍ക്കത്തയെ റസല്‍, കാര്‍ത്തിക്, കമ്മിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് കരകയറ്റിയത്.

ഇന്നിംഗ്‌സിലെ ആദ്യ ഓവര്‍ മുതല്‍ തുടങ്ങി കൊല്‍ക്കത്തയുടെ വിക്കറ്റ് വീഴ്ച. ദീപക് ചഹാറിനു മുന്നില്‍ ചീട്ടുകൊട്ടാരം പോലെയാണ് കൊല്‍ക്കത്ത ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നുവീണത്. ശുഭ്മന്‍ ഗില്‍ (0), നിതീഷ് റാണ (9), ഓയിന്‍ മോര്‍ഗന്‍ (7), സുനില്‍ നരേന്‍ (4) എന്നിവരാണ് ചഹാറിനു മുന്നില്‍ കീഴടങ്ങിയത്. രാഹുല്‍ ത്രിപാഠിയെ (8) ലുങ്കി എങ്കിഡിയും പുറത്താക്കി.

5.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 31 എന്ന നിലയില്‍ കൂറ്റന്‍ തകര്‍ച്ച അഭിമുഖീകരിക്കവെ റസലും കാര്‍ത്തികും ക്രീസില്‍ ഒത്തുചേര്‍ന്നു. പിന്നീട് റസല്‍ വേട്ട ആയിരുന്നു. വാംഖഡെ പിച്ചില്‍ നിറഞ്ഞാടിയ റസല്‍ ഒന്നൊഴിയാതെ എല്ലാവരെയും അതിര്‍ത്തികടത്തി. കാര്‍ത്തിക് റസലിന് ഉറച്ച പിന്‍ഗാമിയായി. 21 പന്തുകളില്‍ റസല്‍ ഫിഫ്റ്റി തികച്ചു. 81 റണ്‍സാണ് റസല്‍കാര്‍ത്തിക് സഖ്യം ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍, 12ആം ഓവറില്‍ സാം കറന്‍ റസലിന്റെ ബ്രൂട്ടല്‍ അസാള്‍ട്ടിന് അന്ത്യം കുറിച്ചു. പന്ത് ജഡ്ജ് ചെയ്യുന്നതില്‍ പിഴവു പറ്റിയ റസല്‍ ബൗള്‍ഡാവുകയായിരുന്നു. 22 പന്തില്‍ 3 ബൗണ്ടറിയും 6 സിക്‌സറും സഹിതം 54 റണ്‍സെടുത്തിട്ടാണ് റസല്‍ മടങ്ങിയത്.

റസല്‍ പുറത്തായിട്ടും പൊരുതിയ കാര്‍ത്തിക് (40) ലുങ്കി എങ്കിഡിക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ കൊല്‍ക്കത്ത വേഗത്തില്‍ കീഴടങ്ങുമെന്ന പ്രതീതി ഉയര്‍ത്തി. എന്നാല്‍, സാം കറന്‍ എറിഞ്ഞ 16ആം ഓവറില്‍ 4 സിക്‌സര്‍ സഹിതം 30 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സ് ചെന്നൈ ക്യാമ്പില്‍ ഭീതി നിറച്ചു. അടുത്ത ഓവറില്‍ നഗര്‍കൊടി (0) എങ്കിഡിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത് കൊല്‍ക്കത്തയെ വീണ്ടും പ്രതിസന്ധിയിലാക്കി. ഇതിനിടെ 23 പന്തുകളില്‍ കമ്മിന്‍സ് ഫിഫ്റ്റി തികച്ചു.19ആം ഓവര്‍ എറിഞ്ഞ സാം കറന്‍ 16ആം ഓവറിന്റെ കറ കഴുകിക്കളഞ്ഞ് കമ്മിന്‍സിനെ പൂട്ടിയതോടെ കൊല്‍ക്കത്ത കളി കൈവിട്ടു. ഓവറില്‍ 8 റണ്‍സാണ് കറന്‍ വിട്ടുനല്‍കിയത്. ആ ഓവറില്‍ തന്നെ വരുണ്‍ ചക്രവര്‍ത്തി (0) റണ്ണൗട്ടായിരുന്നു. ഇതോടെ അവസാന ഓവറില്‍ 20 റണ്‍സായി കൊല്‍ക്കത്തയുടെ വിജയലക്ഷ്യം. അവസാന ഓവറിലെ ആദ്യ പന്തില്‍ രണ്ടാം റണ്ണിനോടിയ പ്രസിദ്ധ് കൃഷ്ണ റണ്ണൗട്ടായതോടെ ചെന്നൈക്ക് വിജയം.

Leave A Reply

Your email address will not be published.

error: Content is protected !!