ജയിക്കുമെന്ന് കണക്കുകൂട്ടി  മുന്നണികള്‍ ഫലം കാത്തിരിക്കുന്നു

0

നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞെങ്കിലും മൂന്നു മണ്ഡലങ്ങളിലും ജയിക്കുമെന്ന് കണക്കുകൂട്ടി മുന്നണികള്‍ ഫലം കാത്തിരിക്കുന്നു. മൂന്നു മണ്ഡലങ്ങളിലും പ്രവചനാതീതമാംവിധം മത്സരം കടുത്തെങ്കിലും പോളിങ്ങില്‍ അത് പ്രതിഫലിക്കാത്തതാണ് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നത്. കഴിഞ്ഞ തവണ 78.22 ശതമാനമായിരുന്നത് 74.98 ശതമാനമായാണ് കുറഞ്ഞത്. വോട്ടിംഗ് ശതമാനത്തിന്റെ കുറവ് അനുകുലമാകുമെന്ന പ്രതിക്ഷയിലാണ് ഇടത് വലത് മുന്നണികള്‍.

 

ബത്തേരി ഉറപ്പിച്ച് യു.ഡി.എഫ്., അട്ടിമറി സ്വപ്നത്തില്‍ എല്‍.ഡി.എഫ്.

 

സുല്‍ത്താന്‍ബത്തേരി മാത്രമാണ് ജില്ലയില്‍ നിലവില്‍ യു.ഡി.എഫിന്റെ കൈവശമുള്ളത്. കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചുവന്ന കെ.പി.സി.സി. സെക്രട്ടറി എം.എസ്. വിശ്വനാഥനെ സ്ഥാനാര്‍ഥിയാക്കി ബത്തേരിയില്‍ എല്‍.ഡി.എഫ്. സര്‍വസന്നാഹങ്ങളുമായി അണിനിരന്നെങ്കിലും അടിയൊഴുക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. 2016ല്‍ നേടിയ 11,198 വോട്ടിന്റെ ഭൂരിപക്ഷമില്ലെങ്കിലും ഐ.സി. ബാലകൃഷ്ണന്‍ ജയിച്ചുവരുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

 

അവസാനഘട്ടത്തില്‍ താമര ചിഹ്നത്തില്‍ മത്സരിക്കാനെത്തിയ ജനാധിപത്യ രാഷ്ട്രീയസഭ നേതാവ് സി.കെ. ജാനുവിന് ബി.ജെ.പി. വോട്ടുകള്‍ സമാഹരിക്കാനായില്ലെന്നാണ് കരുതുന്നത്. കഴിഞ്ഞതവണ ജാനു നേടിയ 27,920 വോട്ടില്‍ ചോര്‍ച്ചയുണ്ടാവാന്‍ സാധ്യതയേറെയാണ്. ആ വോട്ട് എങ്ങോട്ടുമറിയുന്നുവെന്നതാണ് ബത്തേരിയിലെ ആകാംക്ഷ. എം.എസ്. വിശ്വനാഥന് വ്യക്തിപരമായി കിട്ടുന്ന വോട്ടിനൊപ്പം മുന്നണിവോട്ടും ചേര്‍ന്നാല്‍ ജയിക്കാമെന്നാണ് എല്‍.ഡി.എഫ്. പ്രതീക്ഷ. മണ്ഡലത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനവും അവരുടെ ആത്മവിശ്വാസത്തിന് ബലമേകുന്നുണ്ട്. കുറുമസമുദായത്തില്‍നിന്ന് വിശ്വനാഥന് പിന്തുണ കിട്ടുമെന്നാണ് എല്‍.ഡി.എഫ്. കരുതുന്നത്. ബത്തേരി നഗരസഭയിലും അന്പലവയല്‍ പഞ്ചായത്തിലും നല്ലമുന്നേറ്റം കാഴ്ചവെക്കാനാവുമെന്ന് എല്‍.ഡി.എഫ്. പ്രതീക്ഷിക്കുമ്പോള്‍ പുല്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വലിയ മുന്നേറ്റമുണ്ടാവുമെന്നാണ് യു.ഡി.എഫ്. കണക്കുകൂട്ടുന്നത്. ആദ്യഘട്ടത്തിലെ ആവേശം തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എല്‍.ഡി.എഫ്. ക്യാമ്പിലുണ്ടായിട്ടില്ലെന്ന് അവര്‍ വിലയിരുത്തുന്നു.

 

ആത്മവിശ്വാസത്തിലാണ് കല്‍പ്പറ്റ

 

കല്പറ്റയും മാനന്തവാടിയും തങ്ങള്‍ക്കൊപ്പമാവുമെന്ന കാര്യത്തില്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. ക്യാമ്പ്. രണ്ടിടത്തും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും പ്രചാരണപ്രവര്‍ത്തനങ്ങളിലെ താളപ്പിഴകളും യു.ഡി.എഫിന് വിനയായേക്കും. കല്പറ്റയില്‍ ടി. സിദ്ദിഖ് സ്ഥാനാര്‍ഥിയാവുന്നതിനെ ജില്ലയിലെ പ്രധാന നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി എതിര്‍ത്തതിന്റെ അലയൊലികള്‍ വോട്ടെടുപ്പിലും പ്രതിഫലിച്ചുവെന്നുവേണം കരുതാന്‍. പല കോണ്‍ഗ്രസ് കേന്ദ്രങ്ങളിലും പോളിങ് ശതമാനം കുറഞ്ഞത് ഇതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. മേപ്പാടി, മുട്ടില്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലെ ശക്തികേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞത് ഗൗരവത്തോടെയാണ് മുന്നണിനേതൃത്വം കാണുന്നത്. സ്ഥാനാര്‍ഥിക്കെതിരായ പ്രാദേശിക വികാരവും ഗ്രൂപ്പ് വടംവലികളുമാണ് ഇതിന് കാരണമെന്നാണ് അവരുടെ വിലയിരുത്തല്‍. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ചയും യു.ഡി.എഫിനെ അലട്ടുന്നുണ്ട്. കണിയാമ്പറ്റ, മൂപ്പൈനാട്, തുടങ്ങിയ പഞ്ചായത്തുകളില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അതിലൂടെ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും വിജയം ഉറപ്പാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.

നാട്ടുകാരനായ സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ് കുമാറിന്റെ സ്വീകാര്യതയാണ് എല്‍.ഡി.എഫിന് ആത്മവിശ്വാസമേകുന്നത്. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പ്രചാരണപ്രവര്‍ത്തനങ്ങളും അതിന് ബലമേകുന്നു. സര്‍ക്കാരിന്റെ ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വീകാര്യതയും വോട്ടാവുമെന്നാണ് കണക്കുകൂട്ടല്‍. കല്പറ്റ നഗരസഭ, വൈത്തിരി പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍.

 

കണക്കുകൂട്ടി മാനന്തവാടി

 

മാനന്തവാടിയിലും പ്രചാരണരംഗത്ത് ചില ഘട്ടങ്ങളില്‍ പിന്നാക്കം പോയതാണ് യു.ഡി.എഫിനെ അലട്ടുന്നത്. നിലവിലെ എം.എല്‍.എ.കൂടിയായ സ്ഥാനാര്‍ഥി ഒ.ആര്‍. കേളുവിന്റെ ജനകീയത തങ്ങളെ തുണയ്ക്കുമെന്ന് എല്‍.ഡി.എഫ്. കണക്കുകൂട്ടുന്നു. ആദ്യഘട്ടത്തില്‍ പിന്നാക്കം പോയ യു.ഡി.എഫിന് ഇടയ്ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞെങ്കിലും അവസാന ലാപ്പുവരെ ആ ആത്മവിശ്വാസമുണ്ടായില്ലെന്നാണ് നിരീക്ഷണം.

1307 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞതവണ പുതുമുഖമായ ഒ.ആര്‍. കേളു, മന്ത്രിയായിരുന്ന ജയലക്ഷ്മിയെ പരാജയപ്പെടുത്തിയത്. ഇത്തവണ വലിയ ഭൂരിപക്ഷമാണ് എല്‍.ഡി.എഫിന്റെ സ്വപ്നം. എന്നാല്‍, കഴിഞ്ഞതവണ പാലം വലിച്ച പടലപ്പിണക്കങ്ങള്‍ ഇക്കുറിയുണ്ടായില്ലെന്നതാണ് യു.ഡി.എഫിന്റെ ആശ്വാസം.

 

പ്രതീക്ഷയോടെ എന്‍.ഡി.എ.

 

സ്ഥാനാര്‍ഥിപ്രഖ്യാപനം വൈകിയതിനാല്‍ പ്രചാരണരംഗത്ത് വൈകിയെത്തിയെങ്കിലും മൂന്നിടത്തും നില മെച്ചപ്പെടുത്തുമെന്നാണ് എന്‍.ഡി.എ. പ്രതീക്ഷ. ബത്തേരിയില്‍ സി.കെ. ജാനു സ്ഥാനാര്‍ഥിയായതില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുതന്നെ എതിര്‍പ്പുണ്ടായിരുന്നു. മാനന്തവാടിയില്‍ കേന്ദ്രനേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പിന്മാറിയതും ക്ഷീണമായി. ബത്തേരിയില്‍ 27,920, മാനന്തവാടിയില്‍ 16,230, കല്പറ്റയില്‍ 12,938 എന്നിങ്ങനെയാണ് 2016ല്‍ മുന്നണി നേടിയത്. ബത്തേരിയിലും കല്പറ്റയിലും എല്‍.ഡി.എഫും യു.ഡി.എഫും രഹസ്യധാരണയുണ്ടായിരുന്നുവെന്നാണ് ബി.ജെ.പി.യുടെ ആരോപണം. കല്പറ്റയില്‍ തിരഞ്ഞെടുപ്പുദിവസം യു.ഡി.എഫും ബത്തേരിയില്‍ എല്‍.ഡി.എഫും സജീവമല്ലായിരുന്നുവെന്നാണ് അവര്‍ ആരോപിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണരംഗത്ത് എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ. ക്യാമ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!