സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലാണെങ്കിലും എത്ര രൂപ കൂട്ടണം, കണ്‍സഷന്‍ നിരക്ക് കൂട്ടണമോ എന്നതിലടക്കം അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥി സംഘടനകളുമായും ചര്‍ച്ച നടത്താന്‍ തീരുമാനം.
മിനിമം നിരക്ക് എട്ടു രൂപയില്‍നിന്ന് 12 രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍നിന്ന് ഒരു രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ നിരക്ക് ഒരു രൂപയില്‍നിന്ന് ആറു രൂപയാക്കുക, കൊവിഡ് കഴിയുന്നതുവരെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉടമകള്‍ ഉന്നയിക്കുന്നത്. ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്.
ബസ് ചാര്‍ജ് വര്‍ധനയില്‍ വിദ്യാര്‍ഥികള്‍ക്കടക്കം ആശങ്കയുണ്ട്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് രാമചന്ദ്രന്‍ കമ്മീഷനുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തണമെന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു. വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.