കാര്‍ഷിക മേഖലയുടെ സുസ്ഥിരതക്ക് അനിവാര്യം

0

 

സംരക്ഷിത വന മേഖലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാണെന്ന സുപ്രീം കോടതി വിധി കാര്‍ഷിക മേഖലയുടെ സുസ്ഥിരതക്ക് അനിവാര്യമാണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി. കോടതി വിധിക്കെതിരെ കര്‍ഷകരെ ഇളക്കി വിട്ട് യഥാര്‍ഥ പ്രശ്നങ്ങള്‍ മൂടിവെക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കേരളം ഭരിച്ച മുന്നണികള്‍ സ്വീകരിച്ച നികൃഷ്ടമായ നിഷേധമാണ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിന് കാരണമെന്നും ഈ വിധി അനിവാര്യമാണെന്നും വര്‍ഗീസ് വട്ടേക്കാട്ടില്‍, എന്‍ സലീം കുമാര്‍, എ കൃഷ്ണന്‍കുട്ടി എന്നിവര്‍ പറഞ്ഞു.

1986 മുതല്‍ വിവിധ ഘട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ബഫര്‍ സോണുകളുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ 2002ല്‍ സെന്‍ട്രല്‍ എംപവര്‍ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത് വനാതിര്‍ത്തിയില്‍ ഒന്ന് മുതല്‍ 10 കി.മീ വരെ ബഫര്‍ സോണുകളായി നിലനിര്‍ത്തുക എന്നാണ്. ഇതില്‍ എത്രയാകാമെന്ന അന്തിമ തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിടുകയും സംസ്ഥാനങ്ങള്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ ഈ 10 കിലോമീറ്റര്‍ നിലനില്‍ക്കുമെന്ന് കമ്മിറ്റി 2011ല്‍ സംസ്ഥാനങ്ങളെ അറിയിച്ചതാണ്.
2012ല്‍ കമ്മിറ്റി വീണ്ടും നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 2014ല്‍ ഉമ്മന്‍ചാണ്ടി നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ള 123 വില്ലേജുകളെ മാറ്റി 92 വില്ലേജുകളെ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുകയും ഇത് പ്രകാരം വനാതിര്‍ത്തിയിലെ ദൂരപരിധി 3.04 കിലോമീറ്റര്‍ ആണ്. അതേസമയം 2018ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പി ജെ കുര്യന്‍ കമ്മിറ്റിയെ നിയോഗിച്ച് ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളതില്‍ നിന്നും 32 വില്ലേജുകളെ കൂടി ഒഴിവാക്കുകയും വനാതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം എല്ലായിടത്തും വേണമെന്ന റിപ്പോര്‍ട്ട് നല്‍കുകയുമാണുണ്ടായതെന്ന് അവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!