ബസ് അപകടത്തില്‍പ്പെട്ടു; ഡ്രൈവറുടെ മനോധൈര്യം രക്ഷിച്ചത് 86 ജീവനുകള്‍
പാല്‍ ചുരത്ത് ചുരമിറങ്ങവേ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. ഡ്രൈവറുടെ മനോധൈര്യം വന്‍ദുരന്തം ഒഴിവാക്കി. ശനിയാഴ്ച രാത്രി 7.45-ന് മാനന്തവാടിയില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ബസാണ് പാല്‍ചുരത്തില്‍ അപകടത്തില്‍പ്പെട്ടത്. പാല്‍ച്ചുരം ഒന്നാം വളവിനുമുകളിലെ ചെങ്കുത്തായ ഇറക്കം ഇറങ്ങവേ ബസിന്റെ ബ്രേക്ക് നഷ്ടമാവുകയായിരുന്നു. എതിര്‍ ഭാഗത്ത് നിന്നും ചെങ്കല്ല് കയറ്റി വരുന്ന ലോറിക്ക് സൈഡ് നല്‍കാന്‍ ശ്രമിക്കുമ്പോഴാണ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട കാര്യം ഡ്രൈവര്‍ അനുമോദിന് മനസിലായത്. മനസ്സാന്നിധ്യം വീണ്ടെടുത്ത ഡ്രൈവര്‍ ബസ് ഇടത്തേക്ക് തിരിച്ച് മണ്‍തിട്ടയില്‍ ഇടിച്ചുനിര്‍ത്തുകയായിരുന്നു. ഇതിന്റെ മറുഭാഗത്ത് വലിയ കൊക്കയാണ്. ബസിന്റെ ഇടതുഭാഗത്തെ ടയറുകള്‍ റോഡരികിലെ ചാലില്‍ കുടുങ്ങിയതും ബസ് നില്‍ക്കാന്‍ കാരണമായി. രാത്രി 8.45- നായിരുന്നു അപകടം. ബസ് ഡ്രൈവര്‍ അനുമോദിനും കണ്ടക്ടര്‍ രാമചന്ദ്രന്‍ നായ്ക്കനും ഉള്‍പ്പെടെ 87 പേരാണ് ബസിലുണ്ടായിരുന്നത്. ശനിയാഴ്ച പി.എസ്.സി. പരീക്ഷയുണ്ടായിരുന്നതിനാല്‍ മറ്റു ദിവസങ്ങളിലേക്കാള്‍ യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. രാത്രി പത്തുമണിയോടെ മാനന്തവാടി ഡിപ്പോയില്‍ നിന്നും മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു. ഡ്രൈവര്‍ അനുമോദിന് അനുമോദന പ്രവാഹമാണ് സോഷ്യല്‍ മീഡിയയിലും മറ്റും.