വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 3.5 കിലോമീറ്റര്‍ വായു പരിധി വരെ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമായി പ്രഖ്യാപിച്ച കേന്ദ്ര വനം മന്ത്രാലയത്തിന്റെ നടപടി അപലപനീയമാണെന്നും ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
2021 ജനുവരി 28 ന് ഇറങ്ങിയ ഉത്തരവ് പ്രകാരം മാനന്തവാടി, ബത്തേരി താലൂക്കുകളിലെ 119
സ്‌ക്വയര്‍ കി.മീറ്റര്‍ ദൂരം പരസ്ഥിതി ദുര്‍ബ്ബല പ്രദേശമാകും.വയനാട്ടിലെ പ്രധാന ജനവാസ പ്രദേശങ്ങളും,പ്രധാന ടൗണുകളായ ബത്തേരി മാനന്തവാടിയും ഇതില്‍ ഉള്‍പ്പെടും. ഇവിടങ്ങളില്‍ കെട്ടിട നിര്‍മ്മാണം,ഖനനം,മറ്റു തരത്തിലുള ഭൂവിനിയോഗങ്ങള്‍ എന്നിവയ്ക്ക് മുകളിലെല്ലാം കടുത്ത നിയന്ത്രണങ്ങള്‍ വരും.ഇപ്പോള്‍ത്തന്നെ വയനാട് എന്ന മലയോര ജില്ലയിലെ ജനങ്ങള്‍ കടുത്ത പ്രയാസങ്ങളെ നേരിടുകയാണ്.രണ്ട് പ്രളയങ്ങളും കോവിഡ് മഹാമാരിയും കാര്‍ഷിക ജില്ല കൂടിയായ ഈ ജില്ലയിലെ ജനങ്ങളെ കടുത്ത സാമ്പത്തിക പ്രയാസത്തില്‍ ആക്കിയിട്ടുണ്ട്.കൂടാതെ തുടര്‍ച്ചയായി കര്‍ഷക വിരുദ്ധ സമീപനങ്ങള്‍ മാത്രം സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നടപടികള്‍ മൂലം കാര്‍ഷികോല്പന്നങ്ങള്‍ക്കൊന്നും വിലയില്ല. പെട്രോള്‍, ഡ്രീസല്‍ , പാചക ഗ്യാസ് വിലകളാകട്ടെ നിത്യേന ഉയരുകയുമാണ്. ഇതിനിടയിലാണ് വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വയനാട്ടുകാരെ വലിച്ചെറിയുന്ന തീരുമാനം കേന്ദ്ര സര്‍ക്കാറില്‍ നിന്നുമുണ്ടായിട്ടുള്ളത്. ഇതിനെതിരെ ശക്തമായ ബഹുജന രോഷം ഉയരണം. ഇതിന് മുമ്പ് ഇത്തരമൊരു പ്രഖ്യാപനം വന്നപ്പോള്‍ ജില്ലയില്‍ ശക്തമായ ബഹുജനരോഷം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേരള സര്‍ക്കാര്‍ ബദല്‍ നിര്‍ദ്ദേങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു. എന്നാല്‍ ജനരോഷം ഒട്ടും മാനിക്കാതെയും , കേരള സര്‍ക്കാര്‍ നിര്‍ദേശങ്ങളെ പരിഗണിക്കാതെയും ഏകപക്ഷീയമായാണ് ഈ വിജ്ഞാപനം വന്നിട്ടുള്ളത്. പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ ജനങ്ങളും സംരക്ഷിക്കപ്പെടണം. വയനാടിന്റെ എംപി രാഹുല്‍ ഗാന്ധിയാകട്ടെ വയനാടിന്റെ ഇത്തരം പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. ഈ വിഷയത്തില്‍ വയനാടിന്റെ വികാരം മനസ്സിലാക്കി ഇടപെടുന്നതില്‍ എം.പി. പരാജയപ്പെട്ടു.ഉല്ലാസ യാത്ര പോലെ വയനാട്ടില്‍ വന്നു പോവുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.വയനാടിന്റെ പ്രധാന വിഷയങ്ങളില്‍ പോലും ഇടപെടാന്‍ എം.പി രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ല എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഈ വിജ്ഞാപനത്തിനെതിരെ യോജിപ്പുള്ള എല്ലാവരുമായി ചേര്‍ന്ന് സിപിഐഎം പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരും.കേരള സര്‍ക്കാറിനെയും വയനാടിന്റെ വികാരം അറിയിക്കും.വിജ്ഞാപനം പിന്‍വലിപ്പിക്കാന്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണം.