വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടി വട്ടോളി കരിന്തലോട്ട് നിവാസികള്‍
തവിഞ്ഞാല്‍ പഞ്ചായത്തിലെ പേരിയ, വട്ടോളി , കരിന്തലോട്ട് പ്രദേശത്തെ കര്‍ഷകരാണ് മുമ്പെങ്ങും ഇല്ലാത്ത രീതിയില്‍ വന്യമൃഗങ്ങളുടെ ശല്യത്തിന് ഇരയാവുന്നത്. വരയാല്‍ ഫോറസ്റ്റ് നോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണിത്. മയില്‍ മുതല്‍ കാട്ടുപോത്ത് വരെയുള്ള മൃഗങ്ങളുടെ ശല്യം കാരണം കര്‍ഷകര്‍ വലയുകയാണ്.
വാഴ കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ ദുരന്തം അനുഭവിക്കുന്നത്. നട്ട് ഇലകള്‍ ആകുന്നത് വരെ കാട്ടുപോത്തിനെയും, കുല വീഴാറായാല്‍ കുരങ്ങിന്റെയും ശല്യം അതിരൂക്ഷമാണ്. പുഴക്കരയില്‍ അഭിലാഷ്, പെരുന്തനാനിക്കല്‍ മനോജ്, മൊടോമറ്റത്തില്‍ ഫ്രാന്‍സിസ് എന്നവരുടെ വാഴക്കൃഷി വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കാറ്റിനേയും മഴയേയും അതിജീവിച്ച് വളര്‍ത്തിയെടുത്ത വാഴകളാണ് വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത്.
മുഴുവന്‍ സമയവും തോട്ടത്തില്‍ കാവലിരിക്കുക അസാധ്യമായതിനാല്‍ കൃഷിയിടം സംരക്ഷിക്കാന്‍ പാടുപെടുകയാണ് കര്‍ഷകര്‍. കര്‍ഷകര്‍ ഒരുക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇവയെ ബാധിക്കുന്നില്ല. നട്ടുവളര്‍ത്തുന്ന തീറ്റപ്പുല്ല് കാട്ടുപോത്തുകളെത്തി തിന്നുന്നതിനാല്‍ കന്നുകാലികള്‍ക്ക് നല്‍കാന്‍ സാധിക്കുന്നില്ല. ഇതിനു പുറമേയാണ് വാഴകളും തിന്നുന്നത്. കാടും നാടും വേര്‍തിരിക്കുകയും കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങള്‍ എത്താതിരിക്കാനുള്ള സംവിധാനം എത്രയും പെട്ടെന്ന് ഒരുക്കണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.