പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സംയുക്ത നടപടികള്‍ സ്വീകരിക്കും: ജില്ലാ കളക്ടര്‍

0

 

ജില്ലയില്‍ നിന്നും ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് വിജയിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ പ്രവേശനം ഉറപ്പാക്കി കൊഴിഞ്ഞുപോക്ക് തടയാന്‍ സംയുക്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം സാധ്യമാക്കുന്നതിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ഗോത്ര മേഖലയില്‍ നിന്നും 2292 വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് യോഗ്യത നേടിയത്. വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ പ്രവേശനം ലക്ഷ്യമാക്കി ഫോക്കസ് പോയിന്റ് ക്രമീകരിച്ചതായും വിദ്യാലയതല സമിതിയുടെ നേതൃത്വത്തില്‍ ഉന്നതികള്‍ കേന്ദ്രീകരിച്ച് ഗൃഹ സന്ദര്‍ശനം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. ഏകജാലകം പ്രവേശനത്തിന്റെ ഭാഗമായുള്ള അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച ശേഷമുള്ള സീറ്റുകളിലേക്ക് അതത് സ്‌കൂള്‍ പരിധികളിലെ ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികളെ പരിഗണിക്കും. കല്‍പ്പറ്റ വൊക്കേഷണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹ്യൂമാനിറ്റീസ് വിഷയത്തില്‍ അധിക ബാച്ച് അനുവദിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് യോഗത്തില്‍ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിഡ്ജ് ക്ലാസ് നല്‍കും. എസ്എസ്എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷ എഴുതാന്‍ പ്രത്യേക പരിശീലനം നല്‍കും. സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് യോഗ്യത നേടിയ 50,000 രൂപയില്‍ താഴെ വരുമാനമുള്ള മുഴുവന്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും 5000 രൂപ വീതവും ഹോസ്റ്റലുകളില്‍ പഠിക്കുന്ന 50 കുട്ടികള്‍ക്ക് 1000 രൂപ വരെ സാമ്പത്തിക സഹായവും നല്‍കുമെന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അധ്യയന വര്‍ഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്കായി ആധാര്‍ എന്‍ട്രോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കും. വിദ്യാവാഹിനി വാഹന സൗകര്യം ആവശ്യമുള്ളവര്‍ക്ക് പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായി വാഹന സൗകര്യം ഉറപ്പാക്കാന്‍ ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍, വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!