വള്ളുവാടിയില്‍ വ്യാപക നാശനഷ്ടം വരുത്തി മുട്ടികൊമ്പന്‍
കഴിഞ്ഞദിവസം വടക്കനാട് വള്ളുവാടി കുളത്തൂര്‍കുന്ന് കീരന്‍കുഴിയില്‍ മാത്യുവിന്റെ കൃഷിയിടത്തിലാണ് മുട്ടികൊമ്പന്‍ വ്യാപക നാശനഷ്ടം വരുത്തിയത്. കായ്ഫലമുള്ളവയടക്കം മൂന്ന് തെങ്ങുകളും, നാല് മാസം പ്രായമുള്ളവടയക്കം 12 കവുങ്ങുകളും, കുലചാടിയതടക്കം എഴുപത്തഞ്ചോളം വാഴകളും മുട്ടികൊമ്പന്‍ നശിപ്പിച്ചു. വീടിനുതൊട്ടടുത്തെത്തി തെങ്ങ് നശിപ്പിക്കുന്ന ശബ്ദംകേട്ടപ്പോഴാണ് കാട്ടാന കൃഷിയിടത്തിലിറങ്ങിയ കാര്യം മാത്യു അറിഞ്ഞത്. തുടര്‍ന്ന് ടോര്‍ച്ചടിച്ചും പടക്കംപൊട്ടിച്ചുംപാടുപെട്ടാണ് കാട്ടാനയെ തുരത്തിയത്. കൃഷികള്‍ക്ക് പുറമെ തോട്ടം നനയ്ക്കാന്‍ ഇട്ട പൈപ്പുകളും കാട്ടാന ചവിട്ടിനശിപ്പിച്ചു. കൃഷിയിടത്തിലേക്ക് കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ സ്ഥാപിച്ച ഫെന്‍സിങ് തകര്‍ത്താണ് മുട്ടികൊമ്പന്‍ കൃഷിയിടത്തില്‍ കടന്നത്. ഈ കാട്ടാനയുടെ ശല്യം കാരണം ജീവിതംതന്നെ ദുസ്സഹമായിരിക്കുകയാണ് ഇവിടെ.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുട്ടികൊമ്പന്റെ താണ്ഡവം കാരണം നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട്, കരിപ്പൂര്, വള്ളുവാടി എന്നീ പ്രദേശങ്ങളിലെ കര്‍ഷകര്‍ ജീവഭയത്താലാണ് കഴിയുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് വള്ളുവാടിയില്‍ ബെന്നിയെന്ന കര്‍ഷകനുനേരെ പാഞ്ഞടുത്ത മുട്ടികൊമ്പന്‍ വീടിനും നാശം വരുത്തിയിരുന്നു. പലപ്പോഴും കര്‍ഷകര്‍ തലനാരിഴയക്കാണ് മുട്ടികൊമ്പനില്‍ നിന്ന് രക്ഷപ്പെടുന്നത്. ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായി മാറിയ മുട്ടികൊമ്പനെ ഇവിടെ നിന്ന് പിടികൂടി മാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്.