പിലാക്കാവ് മണിയന്‍കുന്നിലെ കടുവക്കായി തിരച്ചില്‍
കടുവാഭീതിയില്‍ പിലാക്കാവ് മണിയന്‍കുന്ന് പ്രദേശവാസികള്‍. കടുവക്കായി തിരച്ചില്‍ നടത്തി വനംവകുപ്പ്. ഇതിനു മുമ്പും പ്രദേശത്ത് പലതവണ കടുവയെത്തിയിരുന്നതായി നാട്ടുകാര്‍. ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് വനാതിര്‍ത്തിയിലെ നീരുറവയില്‍ നിന്ന് കുടിവെള്ളം തിരിച്ചുവിടാന്‍ പോയ വട്ടക്കുനി ജോണ്‍സണ്‍ കടുവയെ കണ്ടത്. തുടര്‍ന്ന് തന്റെ മൊബൈല്‍ ക്യാമറയില്‍ ഇദ്ദേഹം കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മണിയന്‍കുന്നിലെ പ്രദേശവാസികള്‍ ഭീതിയിലാവുകയായിരുന്നു.രണ്ടുദിവസം മുമ്പാണ് ജോണ്‍സന്റെ വളര്‍ത്തു നായയെ കടുവ പിടികൂടിയത്.തുടര്‍ന്ന് വനം വകുപ്പധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.ഇന്നും തലപ്പുഴ ഫോറസ്റ്റ് സെക്ഷന്‍ വനം വകുപ്പ് ജീവനക്കാരും ആര്‍ ആര്‍ ടി സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചില്‍ തുടരുന്നുണ്ട്.ഒരു വര്‍ഷത്തിനിടെ നാലാമത്തെ പ്രാവശ്യമാണ് പ്രദേശത്ത് കടുവയെ കാണുന്നതെന്ന് ജോണ്‍സന്‍ പറഞ്ഞു.
കടുവാ സാന്നിധ്യവുമായി ബന്ധപ്പെട്ട് വനവകുപ്പിനെ വിവരം അറിയിക്കുമ്പോള്‍ വനംവകുപ്പ് പരിഹാരനടപടികള്‍ സ്വീകരിക്കുന്നതില്‍ അനാസ്ഥ പുലര്‍ത്തിയിരുന്നതായി പ്രദേശവാസികള്‍ ആരോപിച്ചു.കഴിഞ്ഞ ദിവസത്തെ വീഡിയോയും വനം വകുപ്പ് അധികൃതര്‍ ആദ്യം നിഷേധിച്ചിരുന്നു. പിന്നീട് കടുവയുടെ ദൃശ്യങ്ങള്‍ വനം വകുപ്പ് സ്ഥിരീകരിച്ചു. ഈ പ്രദേശത്ത് സ്ഥിരമായി ഉള്ള കടുവയാണെന്നും ഉപദ്രവം ഉണ്ടാക്കാത്ത കടുവയാണിതെന്നുമാണ് വനം വകുപ്പിന്റെ വാദം. എന്നാല്‍ വന്യമൃശല്യമുണ്ടായിട്ടും പ്രദേശത്ത് കാവല്‍ ഏര്‍പ്പെടുത്താത്തതും, ജനവാസമേഖലയിലെ സ്വകാര്യതോട്ടങ്ങള്‍ വനസമാനമായി നില്‍ക്കുന്നതുമാണ് വന്യജീവി ശല്യം രുക്ഷമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.