ജില്ലയുടെ വികസന ആവശ്യമുയര്‍ത്തിയും കേന്ദ്രാവഗണനക്കെതിരെയും സിപിഐഎം ജില്ലാ കമ്മിറ്റി മെയ് 18 മുതല്‍ 27 വരെ കാല്‍നടയായി ‘വയനാട് മാര്‍ച്ച്’ നടത്തും. ജില്ലാ സെക്രട്ടറി കെ റഫീഖ് ക്യാപ്റ്റനും ബീനാ വിജയന്‍ വൈസ് ക്യാപ്റ്റനും പി കെ സുരേഷ് മാനേജറുമായ മാര്‍ച്ച്
18ന് വൈകിട്ട് നാലിന് കാട്ടിക്കുളത്ത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. പത്തുദിവസം നീളുന്ന കാല്‍നട ജാഥയിലൂടെ ജില്ലയുടെ നീറുന്ന പ്രശ്നങ്ങള്‍ അധികൃതരുടെ മുമ്പിലെത്തിക്കും. എട്ട് ഏരിയകളില്‍ പര്യടനം നടത്തും. ജാഥയില്‍ 150 സ്ഥിരാഗംങ്ങളുണ്ടാകും. പുറമേ ഓരോ ഏരിയയിലും അഞ്ഞൂറിലധികം പേര്‍ മാര്‍ച്ചില്‍ അണിനിരക്കും.
മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരോടുള്‍പ്പെടെയുള്ള കേന്ദ്രത്തിന്റെ അവഗണന, ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികളുടെ വഞ്ചന, നവകേരള സൃഷ്ടി ലക്ഷ്യമാക്കിയുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ തുടങ്ങിയവ ബഹുജനങ്ങളിലേക്കെത്തിച്ചാണ് പര്യടനം നടത്തുക. ദുരന്ത പുനരധിവാസത്തിനും വന്യമൃഗശല്യ പ്രതിരോധത്തിനും സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ച പ്രത്യേക പാക്കേജുകള്‍ അംഗീകരിക്കുക, വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലെയും ബാവലി-മൈസൂരു പാതയിലെയും രാത്രിയാത്രാ നിരോധം നീക്കാന്‍ കേന്ദ്ര, കര്‍ണാടകം സര്‍ക്കാരുകള്‍ ഇടപെടുക, ചുരം ബദല്‍പാതകള്‍ക്ക് കേന്ദ്രാനുമതി നല്‍കുക, വയനാട് റെയില്‍വേ പദ്ധതി യാഥാര്‍ഥ്യമാക്കുക, കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തും.
ജാഥയുടെ ഭാഗമായി വിപുലുമായ മുന്നൊരുക്കള്‍ പൂര്‍ത്തിയാക്കി. ചുവരുകളും പ്രചാരണ ബോര്‍ഡുകളും ജില്ലായകെ നിറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലും വ്യത്യസ്ഥ ക്യാമ്പയിനുകള്‍ നടക്കുന്നു. ജില്ലയിലെ 821 ബ്രാഞ്ചുകളിലും ലഘുലേഖകളുമായി ഗൃഹസന്ദര്‍ശനവും അനുഭാവിസദസുകളും നടത്തി. ആഘോഷപൂര്‍വം ബഹുജനങ്ങളാകെ പ്രചാരണം ഏറ്റെടുത്തു. 17ന് ലോക്കല്‍ കേന്ദ്രങ്ങളില്‍ വിളംബര റാലിയും നടത്തും.ഓരോ ദിവസത്തെ ജാഥാ സമാപനത്തിലും സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. 19ന്- തലപ്പുഴയില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം- എം വി ജയരാജന്‍, 21ന് -വെള്ളമുണ്ട എട്ടേനാലില്‍ -സംസ്ഥാന കമ്മിറ്റി അംഗം വി വസീഫ്, 22ന് – പടിഞ്ഞാറത്തറയില്‍ മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി- കെ ടി ജലീല്‍, 23ന് -ചുണ്ടേലില്‍ സംസ്ഥാന കമ്മിറ്റി അംഗം -എം മെഹബൂബ്, 24ന് – മുട്ടിലില്‍ സംസ്ഥാന കമ്മിറ്റി അംഗം എ എ റഹീം എംപി, 25ന് – മീനങ്ങാടിയില്‍ സംസ്ഥാന കമ്മിറ്റി അംഗം പി മോഹനന്‍, 26ന് -കേണിച്ചിറയില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് എന്നിവര്‍ സമാപനം ഉദ്ഘാടനം ചെയ്യും. 27ന് ബത്തേരിയില്‍ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.