നവകേരള നിര്‍മ്മാണത്തിനായി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്തപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 28,22,470 രൂപ. രണ്ട് ദിവസങ്ങളിലായി ജില്ലയിലെ എല്‍.പി തലം മുതല്‍ ഹയര്‍ സെക്കന്ററി വരെയുളള 345 സ്‌കൂളുകളില്‍ നടന്ന സാമ്പത്തിക സമാഹരണ യജ്ഞത്തിലാണ് ഇത്രയും തുക ശേഖരിച്ചത്. ഹൈസ്‌കൂള്‍തലം വരെയുളള ക്ലാസുകളില്‍ നിന്ന് 16,58,742 രൂപയും ഹയര്‍ സെക്കന്ററി തലത്തില്‍ 11,16,728 രൂപയും ലഭിച്ചു. അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ സംഭാവന 47,000 രൂപയാണ്. ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത് നല്‍കിയത് പെരിക്കല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളാണ്. 1,46,090 രൂപയാണ് ഇവിടെ നിന്നും ലഭിച്ചത്. തലപ്പുഴ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1,00210 രൂപയും, മുളളന്‍ക്കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 100,001 രൂപയും തരിയോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒരു ലക്ഷം രൂപയും സമാഹരിച്ചു. മൂലങ്കാവ് ഹൈസ്‌ക്കൂള്‍ 88,670 രൂപ, കല്‍പ്പറ്റ എന്‍.എസ്.എസ് ഹൈസ്‌ക്കൂള്‍ 53,267 രൂപ, കാക്കവയല്‍ ഗവ. ഹൈസ്‌ക്കൂള്‍ 29,280 രൂപ എന്നിവയാണ് ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ കൂടുതല്‍ തുക സമാഹരിച്ചത്. എല്‍.പി യൂപി വിഭാഗത്തില്‍ അസംപഷന്‍ സ്‌കൂള്‍ 50,745 രൂപയും മീനങ്ങാടി എസ്പി. ആന്റ് എസ്.പി സ്‌കൂള്‍ 45006 രൂപയും വൈത്തിരി എച്ച്.ഐ.എം സ്‌കൂള്‍ 27094 രൂപയും സമാഹരിച്ച് മുന്‍നിരയില്‍ എത്തി. സാങ്കേതിക കാരണങ്ങളാല്‍ അഞ്ചോളം സ്‌കൂളുടെ കണക്കുകള്‍ ലഭ്യമായിട്ടില്ല. ഇതു കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ജില്ലയില്‍ നിന്നുളള വിദ്യാര്‍ത്ഥികളുടെ സംഭാവന 29 ലക്ഷം കവിയും. സെപ്റ്റംബര്‍ 15 വരെ നടക്കുന്ന സാമ്പത്തിക സമാഹരണ യജ്ഞത്തിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ച് ഫണ്ട് ശേഖരണ ക്യാമ്പെയിന്‍ സംഘടിപ്പിച്ചത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കൊപ്പം അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ എന്നിവയും ധനസമാഹരണ യജ്ഞത്തില്‍ പങ്കെടുത്തു. ഓരോ വിദ്യാര്‍ത്ഥിയും തന്നാല്‍ കഴിയുന്ന സംഭാവനയുമായി എത്തി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ ബോക്‌സുകളിലും ബക്കറ്റുകളിലും പണം നിക്ഷേപിച്ചു. വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വരുക്കൂട്ടിയ തുകയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തയ്യാറായി എത്തിയിരുന്നു. ഓരോ സ്‌കൂളും ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതോടൊപ്പം തുക സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. പുനര്‍നിര്‍മാണത്തിന് കരുത്തേകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ആവേശപൂര്‍വ്വം ഏറ്റെടുക്കുക വഴി പൊതുസമൂഹത്തില്‍ മാതൃകയായി തീര്‍ന്നിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.