പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള എന്‍ഐഎ കോടതിയുടെ തീരുമാനം തെറ്റാണെന്നും ഹൈക്കോടതി വിധിച്ചു.
താഹ ഫസല്‍ ഉടന്‍ കോടതിയില്‍ കീഴടങ്ങണം. അലന്‍ ചികിത്സയിലായതിനാല്‍ ഉടന്‍ ഹാജരാകേണ്ട. വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനാണ് അലനും താഹയ്ക്കും കൊച്ചിയിലെ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് എന്‍ഐഎ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയുടെ നടപടി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും, പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു ഹര്‍ജിയില്‍ എന്‍ഐഎയുടെ വാദം.
2019 നവംബര്‍ ഒന്നിനാണ് അലനെയും, താഹയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യുഎപിഎ ചുമത്തിയ കേസില്‍ അന്വേഷണം പിന്നീട് എന്‍ഐഎ സംഘം ഏറ്റെടുക്കുകയായിരുന്നു. പ്രതികളുടെ പക്കല്‍ നിന്നും മാവോയിസ്റ്റ് ലഘുലേഖകളും പുസ്തകങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു.