മാനന്തവാടി നഗരസഭയ്ക്ക് കൈതാങ്ങ് ചാരിറ്റി ഒരു ഏക്കര്‍ ഭൂമി നല്‍കി.
ജീവകാരുണ്യ പ്രവര്‍ത്തകനായ നാസര്‍ മാനുക്കയാണ് ഒരു ഏക്കര്‍ സ്ഥലം സംഭാവനയായി നല്‍കിയത്.നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് വീട് വെക്കുന്നതിനാണ് സ്ഥലം നല്‍കിയത്.മാനന്തവാടി ഗവ:യു.പി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന രേഖ കൈമാറല്‍ ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ഭരണസമിതി ഭരണം ഏറ്റെടുത്ത ചടങ്ങിലാണ് കൈതാങ്ങ് ചാരിറ്റിയുടെ നേത്യത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനായ നാസര്‍ മാനുക്ക ഒരു ഏക്കര്‍ സ്ഥലം നഗരസഭയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.
ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പി.വി.എസ്.മൂസ അദ്ധ്യക്ഷത വഹിച്ചു.നാസര്‍ മാനുക്ക ഭൂരേഖ കൈമാറി. കൈതാങ്ങ് ചാരിറ്റി ചെയര്‍മാന്‍ ജോണി അറക്കല്‍, കണ്‍വീനര്‍ റഷീദ് നീലാംബരി, നഗരസഭ കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, പി.വി. ജോര്‍ജ്, നഗരസഭ സെക്രട്ടറി അഭിലാഷ്, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.അന്തരിച്ച ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ജോയി അറയ്ക്കലിന്റെ നാമധേയത്തിലായിരിക്കും ഭവനസമുച്ചയം ഉയരുക. ആദ്യ പൊതുചടങ്ങില്‍ തന്നെ സ്ഥലം ലഭിച്ചത് നഗരസഭയ്ക്ക് ലഭിച്ച പുതുവത്സര സമ്മാനം കൂടിയാണ്. അതെ സമയം പ്രതിപക്ഷമായ എല്‍.ഡി.എഫ് ചടങ്ങില്‍ നിന്നും വിട്ട് നില്‍കുകയും ചെയ്തു.ചടങ്ങിന്റെ കാര്യം എല്‍.ഡി.എഫ് മെമ്പര്‍ മാരെ അറിയിക്കാത്തത് കൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് എല്‍.ഡി.എഫ് മെമ്പര്‍മാര്‍ നല്‍കുന്ന വിശദീകരണം.