പഞ്ചാരക്കൊല്ലിക്കാരെ പുനരധിവസിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ.
മഴക്കെടുതിയിലെ ഉരുള്‍പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് കേറി കിടക്കാനൊരു വീടൊരുക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അധ്യാപകരും. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിലെ ഒമ്പത് കുടുംബങ്ങള്‍ക്കാണ് മണ്ണിടിച്ചിലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടത്. കേറി കിടക്കാന്‍ ഇവര്‍ക്ക് സ്ഥലമില്ലാത്തതിനാല്‍ ആഴ്ചകളായി ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. ഇതോടെയാണ് ഇവര്‍ക്ക് കേറി കിടക്കാന്‍ സ്ഥലം കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്. പ്രിയദര്‍ശിനി തേയില തോട്ടത്തിന്റെ വക നിര്‍മ്മിച്ച കാടുപിടിച്ച് കിടക്കുന്ന വീടുകള്‍ കണ്ടെത്തി. ഈ വീടുകളാണ് കണ്ണൂര്‍ തോട്ടട പോളിടെക്‌നിക്കലിലെ എന്‍.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തില്‍ വാസയോഗ്യമാക്കാന്‍ തുടങ്ങിയത്. കാടുകള്‍ വെട്ടി നീക്കി വീട് പെയ്ന്റ് അടിക്കുകയും പ്ലംബിംഗ്, വയറിംഗ് എന്നിവയും നടത്തി. വൈദ്യുതി വകുപ്പ് കരണ്ട് ലഭ്യമാക്കുകയും ചെയ്തു. സ്വകാര്യ വ്യക്തിയുടെ സഹായം ഉള്‍പ്പെടെ ഒരു ലക്ഷത്തോളം രൂപയാണ് ഇവര്‍ ചിലവഴിച്ചത്. പ്രിന്‍സിപ്പാള്‍ പി. കൃഷ്ണന്‍, എന്‍.എസ്.എസ്. കോ ഓഡിനേറ്റര്‍ കെ.പി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ 31 കുട്ടികളും അധ്യാപകരും ഉള്‍പ്പെടെ 24 ജീവനക്കാരുമാണ് അഞ്ചു ദിവസം നീണ്ടു നിന്ന സേവനത്തില്‍ പങ്കാളികളായത്.