കോണ്‍ഗ്രസിന്റെ സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഗാന്ധി വിദേശത്ത്

0

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഗാന്ധി വിദേശത്ത്. വിദേശയാത്ര വ്യക്തിപരമായ കാരണങ്ങള്‍ക്കാണെന്നാണ് വിശദീകരണം. ഏത് രാജ്യത്തേക്കാണ് രാഹുല്‍ ഗാന്ധി പോയതെന്ന് എഐസിസി വക്താവ് വെളിപ്പെടുത്തിയില്ല. ആഘോഷങ്ങളില്‍ പോലും പങ്കെടുക്കാതെ ഇന്നത്തെ രാഹുല്‍ ഗാന്ധി വിദേശത്തേയ്ക്ക് പോയത് നേത്യത്വത്തെ നിരാശരാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന പാര്‍ട്ടിയായ കോണ്‍ഗ്രസ് സ്ഥാപിച്ചിട്ട് ഇന്നേക്ക് 136 വര്‍ഷം തികയുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ അപ്രത്യക്ഷമാകല്‍. 2019ന് ശേഷം പാര്‍ട്ടിയുടെ നിലനില്‍പ്പിന് പോലും വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചിരിക്കെ രാഹുലിന്റെ വിടവ് വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെത് വാര്‍ധ്യക്യ സഹജമായ പ്രശ്‌നങ്ങളല്ല, ശസ്ത്രക്രിയയിലൂടെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുന്ന ഘടനപരമായ പ്രതിസന്ധികള്‍ ആണെന്നാണ് ഇപ്പോഴും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ നിഗമനം. അതില്‍ മുഴുവന്‍ സമയ നേത്യത്വത്തിനായി കഴിഞ്ഞ എതാനും ദിവസമായി സജീവമായി പാര്‍ട്ടി തിരച്ചില്‍ നടത്തുന്നുണ്ട്.

മധുസൂദനന്‍ മിസ്ത്രിയുടെ നേത്യത്വത്തിലുള്ള സമിതി രാഹുല്‍ ഗാന്ധിയുടെ പേരിനാണ് ഇപ്പോഴും പ്രാധാന്യം നല്‍കുന്നത്. രാഹുല്‍ വഴങ്ങിയില്ലെങ്കില്‍ പ്രിയങ്കാ ഗാന്ധി, അവര്‍ സന്നദ്ധയായില്ലെങ്കില്‍ അശോക് ഗെഹ്‌ലോട്ട്, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, കമല്‍നാഥ് എന്നീ പേരുകളും പരിഗണിക്കും. എന്നാല്‍ രാഹുല്‍ ഗാന്ധി വിദേശത്തേയ്ക്ക് പോയതായാണ് ഇപ്പോഴത്തെ വിവരം.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. ആസാമിലും കേരളത്തിലും ഭരണം തിരിച്ച് പിടിക്കണം, പുതുശ്ശേരിയില്‍ ഭരണം നിലനിര്‍ത്തണം, പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും മികച്ച നേട്ടം സീറ്റുകളായി അക്കൗണ്ടില്‍ എത്തിക്കണം എന്നീ ലക്ഷ്യങ്ങള്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് കോണ്‍ഗ്രസിന്റെ മടങ്ങിവരവ് സാധ്യതകള്‍ക്കും അത് വെല്ലുവിളിയാകും. 136 സ്ഥാപക ദിനത്തില്‍ പോരാട്ടമല്ല, പോരാട്ടങ്ങള്‍ക്ക് പ്രാപ്തിയുള്ള സംഘടനയായി മാറാന്‍ തയാറാകുകയും ഭിന്നതകള്‍ ഇല്ലാതെ അണിനിരക്കുകയും ചെയ്യുകയാണ് കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി.

Leave A Reply

Your email address will not be published.

error: Content is protected !!