വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ 31 വരെ
2021 നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതി നുള്ള അപേക്ഷകള്‍ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം. കരട് പട്ടികയിലുള്ളവരുടെ എതിര്‍പ്പുകളും അവകാശങ്ങളും വോട്ടര്‍മാര്‍ക്ക് ഇതോടൊപ്പം സമര്‍പ്പിക്കാവുന്നതാണ്.
പേര് ചേര്‍ക്കലിന്റെ ഭാഗമായി നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ജില്ലയിലെ പ്രമുഖരില്‍ നിന്നുള്ള അപേക്ഷകളും സ്വീകരിച്ചു. മുന്‍ വെസ്റ്റ് ബംഗാള്‍ സ്‌പെഷ്യല്‍ സെക്രട്ടറി ഗോപാലന്‍ ബാലഗോപാല്‍ ഐ.എ.എസ്, സിനിമാതാരം അനുസിത്താര എന്നിവരുടെ അപേക്ഷകളാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ബി. അഫ്‌സല്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ പി.വി. സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചത്. വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത എം.പി, എം.എല്‍.എ, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രധാന ഔദ്യോഗിക സ്ഥാനം വഹിക്കുന്നവര്‍, കലാ-കായിക മേഖലകളിലെ പ്രമുഖര്‍ എന്നിവരുടെ പേര് ചേര്‍ക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വീടുകളിലെത്തി അപേക്ഷ സ്വീകരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിരവധി പ്രമുഖര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ് ഇറക്കിയത്.