ഭൂമി വിണ്ടു കീറി നീങ്ങുന്നു
തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി 17ാം വാര്‍ഡില്‍ പെട്ട പ്ലാമൂലയില്‍ സംഭവിച്ചത് സമാനതകളില്ലാത്ത നാശനഷ്ടം. പ്ലാമൂലയിലെ ഉളിക്കല്‍ കൊടുകുളം കോളനികളിലാണ് വീടുകള്‍ തകര്‍ന്നത്. നിരവധി വീടുകള്‍ തകര്‍ന്നതിന് പുറമെ വീട് നിര്‍മ്മിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ ഭൂമിയില്‍ വിള്ളലുകള്‍ വീഴുകയും ചെയ്തു. കുന്നിന്‍ മുകളില്‍ നിന്നും ഇരുഭാഗങ്ങളിലേക്കുമായി 300 മീറ്ററോളം നീളത്തിലും 800 മീറ്ററോളം വീതിയിലും ഭൂമി നിരങ്ങി നീങ്ങുകയായിരുന്നു. ഇപ്പോഴും ചെറിയ തോതില്‍ ഭൂമി വിള്ളല്‍ അനുഭവപ്പെടുന്നുണ്ട്. ഏഴോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മറ്റു വീടുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. ഉളിക്കല്‍ കോളനിയിലെ മാച്ചി, പേമ്പി, വെള്ളി, രാധ എന്നിവരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. നിലവില്‍ ക്യാമ്പുകളിലാണ് ഈ കുടുംബങ്ങള്‍ താമസിക്കുന്നത്. എന്നാല്‍ ക്യാമ്പ് പിരിച്ചു വിട്ടാലും ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ കഴിയില്ല. ഇവരുടെ വീട്ടിലേക്കുള്ള വഴിയും പൂര്‍ണമായും ഇടിഞ്ഞു തകര്‍ന്ന നിലയിലാണ്. മുന്‍ വര്‍ഷം നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡുകളാണ് മീറ്ററുകണക്കിന് താഴ്ന്നമര്‍ന്നത്. പ്ലാമൂല കൊടുകളത്ത് റോഡും സ്ഥലവും ഒരു കിലോമീറ്ററോളം നീളത്തിലും 18 അടിയോളം താഴ്ച്ചയിലും തകര്‍ന്നിട്ടുണ്ട്. മുള്ളന്‍കൊല്ലി കൊടുകുളം അശവന്‍കൊല്ലി തൃശ്ശിലേരി ഹൈസ്‌കൂള്‍ റോഡിന്റെ ഒരു വശം ചരിഞ്ഞമര്‍ന്ന നിലയിലാണുള്ളത്. പ്രദേശത്തെ് നാലോളം കിണറുകളും താഴ്ന്നമര്‍ന്നു പോയിട്ടുണ്ട്.