മരുഭൂമിയിലെ മണ്‍കൂനകളുടെ ആകൃതി; വിസ്മയങ്ങളുമായി അല്‍ റയ്യാന്‍ സ്റ്റേഡിയം 18ന് തുറന്നു നൽകും
ഫിഫ ഖത്തര്‍ ലോകകപ്പിലേയ്ക്ക് ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18ന് അല്‍ റയ്യാന്‍ സ്റ്റേഡിയം മിഴി തുറക്കും. രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഫുട്‌ബോള്‍ മത്സരമായ അമീര്‍ കപ്പ് ഫൈനലിന് വേദിയൊരുക്കിയാണ് അല്‍ റയ്യാന്റെ ഉദ്ഘാടനം. അമീര്‍ കപ്പിനായി അല്‍ അറബിയും അല്‍ സദ്ദും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനാണ് അല്‍ റയ്യാന്‍ സാക്ഷ്യം വഹിക്കുകയെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് പ്രഖ്യാപിച്ചത്. ലോകകപ്പിനായി പൂര്‍ത്തിയാകുന്ന നാലാമത്തെ സ്റ്റേഡിയമാണിത്. നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അല്‍ വക്രയിലെ അല്‍ ജനൗബ്, എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവയാണ് ഉദ്ഘാടനം കഴിഞ്ഞവ.
40,000 പേര്‍ക്ക് ഇരിക്കാവുന്ന അല്‍ റയ്യാന്‍ സ്റ്റേഡിയം ഗ്രൂപ്പ് ഘട്ടവും റൗണ്ട് 16 വരെയുമുള്ള ലോകകപ്പ് മത്സരങ്ങള്‍ക്കാണ് വേദിയാകുക. പഴയ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിന്റെ സ്ഥാനത്താണ് അല്‍ റയ്യാന്‍ സ്റ്റേഡിയം നിര്‍മിച്ചത്.
ഇന്ത്യന്‍ കമ്പനിയായ ലാഴ്സണ്‍ ആന്‍ഡ് ടര്‍ബോ ലിമിറ്റഡും (എല്‍ആന്‍ഡ്ടി) പ്രാദേശിക കമ്പനി യായ അല്‍ ബലാഗും ചേര്‍ന്നാണ് നിര്‍മാണം. അറബ് പാരമ്പര്യവും പ്രാദേശിക സംസ്‌കാരവും സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് മരുഭൂമിയിലെ മണ്‍കൂനകളുടെ ആകൃതിയിലുള്ള സ്റ്റേഡിയം. തിളക്കമാര്‍ന്ന മുഖപ്പാണ് സ്റ്റേഡിയത്തിന്റെ പ്രധാന സവിശേഷത. കുടുംബത്തിന്റെ പ്രാധാന്യം, മരുഭൂമിയുടെ മനോഹാരിത, സസ്യജാലങ്ങള്‍ നിറഞ്ഞ പ്രകൃതി, പ്രാദേശിക, രാജ്യാന്തര വ്യാപാരം തുടങ്ങി രാജ്യത്തിന്റെ വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രത്യേക പാറ്റേണിലാണ് മുഖപ്പിന്റെ ഡിസൈന്‍.
ലോകകപ്പിന് ശേഷം പകുതി സീറ്റുകള്‍ അവിക സിത രാജ്യങ്ങളിലെ കായിക വികസനത്തിനായി സംഭാവന ചെയ്യും. കാണികള്‍ക്ക് ദോഹ മെട്രോ യിലൂടെ അല്‍ റയ്യാന്‍ സ്റ്റേഡിയത്തിലെത്താം. ഗ്രീന്‍ ലൈനിലെ അല്‍ റിഫ സ്റ്റേഷനില്‍ നിന്ന് നടക്കാവുന്ന ദൂരമേയുള്ള സ്റ്റേഡിയത്തിലേക്ക്.