സ്വച്ഛ് ഭാരത് മിഷന്‍(ഗ്രാമീണ്‍) ദേശീയ പുരസ്‌കാര നിറവില്‍ വയനാട്

0

ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജലശക്തി മന്ത്രാലയത്തിന്റെ ദേശീയ അംഗീകാരം വയനാടിന് ലഭിച്ചു.ലോക ശൗചാലയ ദിനത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ജലശക്തി മിഷന്‍ മന്ത്രി ഗജേന്ദ്ര സിംഗ് ഷെക്കാവത്ത് പുരസ്‌ക്കാരം നേടിയ വയനാടിനെ അഭിനന്ദിച്ചു.സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ പദ്ധതിയില്‍ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ തിരഞ്ഞെടുത്ത ഇരുപത് ജില്ലകളില്‍ ഒന്നായി വയനാട് മാറിയത്. വേള്‍ഡ് ബാങ്ക് പെര്‍ഫോര്‍മന്‍സ് ഇന്‍സെന്റീവ് ഗ്രാന്റും സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ ധനസഹായവും ഉപയോഗപ്പെടുത്തി പൊതു കക്കൂസുകള്‍, ഖരമാലിന്യ സംസ്‌കരണ ഉപാധികള്‍ എന്നിവ സ്ഥാപിച്ചതും പ്രവര്‍ത്തന വിവരങ്ങള്‍ യഥാസമയം എം.ഐ.എസ് ചെയ്തതും അംഗീകാരം ലഭിക്കുന്നതിന് സഹായകരമായി.

ഗ്രാമപഞ്ചായത്തുകള്‍ വെളിയിട വിസര്‍ജ്ജന മുക്തമാക്കിയതും കുടിവെള്ള സ്രോതസ്സുകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിച്ചതും ഖര-ദ്രവ മാലിന്യ സംസ്‌കരണത്തില്‍ ജില്ലയില്‍ 22 ഗ്രാമപഞ്ചായത്തുകളില്‍ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സ്ഥാപിച്ചതും നേട്ടത്തിനായി പരിഗണിച്ചു. ഹരിത കര്‍മ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിന് വാര്‍ഡ് തലത്തില്‍ ബോട്ടില്‍ ബൂത്തുകള്‍, ദ്രവ മാലിന്യ സംസ്‌കരണത്തിനായി ജില്ലയില്‍ നിലവില്‍ വന്ന അഴുക്ക് ജല സംസ്‌കരണ പ്ലാന്റുകളും കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിന് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റും മാലിന്യ സംസ്‌കരണത്തിന്റെ മികച്ച മാതൃകകളായി പരിഗണിച്ചു. ജില്ലയില്‍ നടന്ന സ്വച്ഛ് ദര്‍പ്പണ്‍, 4+1 ക്യാമ്പയിന്‍, സ്വച്ഛ് സര്‍വ്വേക്ഷണ്‍ തുടങ്ങിയ പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നടത്താനായത് മികവിന്റെ മാനദണ്ഡങ്ങളില്‍ ജില്ലയെ മുന്നിലെത്തിച്ചു.
വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് കെ.അജിഷ്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ. ശ്രീലത, പ്രോഗ്രാം ഓഫീസര്‍ കെ.അനൂപ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.എസ്. സഞ്ജയ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!