കോവിഡ് പശ്ചാത്തലത്തില്‍ രക്ത ബാങ്കുകളില്‍ രക്തത്തിന് വലിയ ക്ഷാമം അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്, മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കാവുംമന്ദത്ത് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വനിതാ ദാതാക്കളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. ഭീതി കൊണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞും രക്തദാന രംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം കുറഞ്ഞു വരുന്ന ഇക്കാലത്ത് കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് വരുന്നത് വലിയ പ്രതീക്ഷയാണ്. നിരവധി സ്ത്രീകളാണ് രക്തം ദാനം ചെയ്യാനെത്തിയത്. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആന്‍സി ആന്റണി, മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഷ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസിഡന്റ് ഷമീം പാറക്കണ്ടി സ്വാഗതവും സെക്രട്ടറി എം ശിവാനന്ദന്‍ നന്ദിയും പറഞ്ഞു.