8 വര്‍ഷത്തിനു ശേഷം പാഠ്യപദ്ധതി പരിഷ്‌കരണ നടപടികളിലേക്ക് സംസ്ഥാനം

0

എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികളിലേക്ക് സംസ്ഥാനവും കടക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ നയത്തോട് വിയോജിപ്പ് അറിയിച്ചിരുന്നെങ്കിലും പാഠ്യപദ്ധതിയുടെ കരട് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് ആലോചന.രാഷ്ട്രീയ വിയോജിപ്പു പ്രകടമാക്കി പശ്ചിമബംഗാളും തമിഴ്നാടും കരട് നല്‍കാതെ കേന്ദ്രനയത്തോടുള്ള എതിര്‍പ്പ് പരസ്യമാക്കിക്കഴിഞ്ഞു. തമിഴ്നാടാകട്ടെ സ്വന്തം നിലയ്ക്ക് പാഠ്യപദ്ധതി പരിഷ്‌കരണനടപടികള്‍ ആരംഭിച്ചു. നയപരമായ തീരുമാനമെടുത്തിട്ടില്ലെങ്കിലും കേന്ദ്രത്തോട് കലഹിക്കേണ്ടതില്ലെന്നാണ് കേരളത്തിന്റെ പൊതുനിലപാട്.സംസ്ഥാനത്തിന്റേതായ രീതിശാസ്ത്രം അനുസരിച്ച് തയ്യാറാക്കുകയും കേന്ദ്രം ഏതെങ്കിലും ഘട്ടത്തില്‍ തടയിടുന്ന പക്ഷം ഇടപെടുകയും ചെയ്യാമെന്നാണ് ഇപ്പോഴത്തെ ധാരണ.വിദ്യാഭ്യാസം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മാണത്തിന് അവകാശമുള്ള വിഷയമായതിനാല്‍ ആ സ്വാതന്ത്ര്യം ഉപയോഗിക്കാനായേക്കുമെന്നാണ് കരുതുന്നത്. കേന്ദ്രഫണ്ടുകള്‍ നഷ്ടമാക്കേണ്ടതില്ലെന്ന നിലപാടും സര്‍ക്കാരിനുണ്ട്.സംസ്ഥാനങ്ങളില്‍നിന്നുള്ള കരട് അംഗീകരിച്ച് ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂട് തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് അയച്ചുകഴിഞ്ഞാല്‍ അതില്‍ പിന്നീട് കാര്യമായ മാറ്റംവരുത്താനാകില്ലെന്നതാണ് സംസ്ഥാനങ്ങളുടെ ആശങ്ക. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ അജന്‍ഡ പാഠ്യപദ്ധതിയിലൂടെ നടപ്പാക്കപ്പെട്ടേക്കുമെന്നും സംശയിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!