ഭിന്നശേഷി കുട്ടികളുടെ നാഷണല്‍ ട്രസ്റ്റ് ആക്ട് പിന്‍വലിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് തീരുമാനത്തിനെതിരെ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പെയ്ഡിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരവും പ്രധാനമന്ത്രിക്ക് കത്തയക്കലും നടത്തി.കല്‍പ്പറ്റ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ സമരം എം വി ശ്രേയാംസ്‌കുമാര്‍ എംപി ഉദ്ഘാടനം ചെയ്തു.
മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് നിയമപരിരക്ഷയും ആരോഗ്യ പരിരക്ഷയും മറ്റു ക്ഷേമപദ്ധതികളും നല്‍കിവരുന്ന 1999ലെ നാഷണല്‍ ട്രസ്റ്റ് ആക്ട് പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധ സമരവും പ്രധാനമന്ത്രിക്ക് കത്തയക്കലും നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തികച്ചും അപലപനീയമാണെന്നും, ഈ തീരുമാനം എത്രയും പെട്ടെന്ന് പിന്‍വലിച്ച് ഭിന്നശേഷിക്കാരുടെ അവകാശം പുനസ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇസ്മായില്‍ മുഖ്യാതിഥിയായിരുന്നു. പെയ്ഡ് ജില്ലാ പ്രസിഡന്റ് ഇ വി സജി സമരപരിപാടിയില്‍ അധ്യക്ഷനായി. പെയ്ഡ് ജില്ലാ കോഡിനേറ്റര്‍ സിസ്റ്റര്‍ ആന്‍സ്മരിയ, സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ജോമിറ്റ് കെ ജോസ്, നസീമ, ജോസ് കരിക്കേത്ത് എന്നിവര്‍ സംസാരിച്ചു.